തൊടുപുഴ: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോട പിടികൂടിയ കേസിലെ പ്രതിക്ക് മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ശാന്തമ്പാറ തൊട്ടിക്കാനം നെല്ലിക്കുന്നേൽ രാജനെയാണ് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ജി.അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2017 ഏപ്രിൽ അഞ്ചിനായിരുന്നു പ്രതിയുടെ വീട്ടിൽ നിന്ന് 15 ലിറ്റർ കോടയും വന്യമൃഗത്തിന്റെ മൂന്നു കൊമ്പുകളും കണ്ടെടുത്തത്. ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടി.എ. അശോക് കുമാറും സംഘവുമാണ് കോട പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ഷാജിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി. കുര്യൻ ഹാജരായി.