മൂന്നാർ: ദേവികുളത്ത് ആനത്തേറ്റയും മ്ലാവിന്റെ കൊമ്പും കടത്തിയ കേസിലെ പ്രതികളെ ഏഴ് ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ദേവികുളം കോടതിയാണ് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയത്. ദേവികുളം കോളനിയിൽ താമസിക്കുന്ന ബാബു, കെ.ഡി.എച്ച്.പി ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷൻ സ്വദേശികളായ നവരാജ്, പ്രേംകുമാർ, ദേവികുളം കോളനി സ്വദേശിയായ പാണ്ടിദുരൈ എന്നിവരാണ് കേസിലെ പ്രതികൾ. ഈ മാസം 17 നാണ് ആറ് കിലോ ആനത്തേറ്റയും മാൻകൊമ്പുമായി ഇവർ വനം വകുപ്പിന്റെ പിടിയിലായത്. സംഭവത്തിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയായ ബാബു കഴിഞ്ഞ ദിവസമാണ് കോടതിയിൽ കീഴടങ്ങിയത്. ഈ മാസം 25ന് പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നാർ ആർ.സി പള്ളിയ്ക്ക് സമീപം വനം വകുപ്പിന്റെ കീഴിലുള്ള തൊണ്ടിപ്പുരയുടെ വാച്ചറായിരുന്ന ബാബു രണ്ട് വർഷം മുമ്പ് തൊണ്ടിപ്പുരയിൽ നിന്ന് ആനത്തേറ്റകൾ മോഷ്ടിച്ചുവെന്ന് വനം വകുപ്പ് അധികൃതരോട് വെളിപ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച ആനത്തേറ്റകൾ ഇയാൾ നാലു മാസം മുമ്പ് കേസിലെ മറ്റൊരു പ്രതിയായ നവരാജിന് കൊടുത്തു. കേസിലെ മൂന്നാം പ്രതിയായ പ്രേംകുമാർ, ദേവികുളം ബ്ലോക്ക് ഓഫീസിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് ചത്ത മ്ലാവിന്റെ കൊമ്പ് ശേഖരിക്കുയായിരുന്നെന്ന് ദേവികുളം റേഞ്ച് ഓഫീസർ അരുൺ മഹാരാജ് പറഞ്ഞു. ആനത്തേറ്റയും മ്ലാവിന്റെ കൊമ്പും പ്രതികൾ വിൽപനക്കായി തമിഴ്‌നാട്ടിൽ കൊണ്ടുപോകുന്നതിനിടയിലാണ് വനം വകുപ്പിന്റെ പിടിയിലാകുന്നത്.