 
 അപകടത്തിൽപ്പെടുന്നവരിലേറെയും അന്യ ജില്ലക്കാർ
കട്ടപ്പന: ഇടുക്കി കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ ജീവൻ ജലാശയങ്ങളിൽ പൊലിയുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞ മാസം മാത്രം ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലാശയത്തിലെ കയങ്ങളിൽ അകപ്പെട്ട് ജീവൻ നഷ്ടമായത് രണ്ട് പേർക്കാണ്. എറണാകുളം കാക്കനാട് സ്വദേശിനിയായ ഇഷ ഫാത്തിമ (17 ) മുങ്ങി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഫെബ്രുവരി ഏഴിനാണ് വെള്ളയാംകുടി സ്വദേശിയായ ഓട്ടോ ഡ്രൈവർ ബിനോയ് തോമസ് (45) ഇതേ തടാകത്തിൽ വീണ് മരിച്ചത്. ഇഷാ ഫാത്തിമയ്ക്കൊപ്പം വെള്ളത്തിൽ വീണ ആറ് പെൺകുട്ടികളെ സമീപവാസിയാണ് രക്ഷപ്പെടുത്തിയത്. ഇല്ലായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കുമായിരുന്നു. ഇടുക്കി പോലുള്ള പദ്ധതിയുടെ ഭാഗമായ ജലാശയത്തിന്റെ ആഴവും ജലത്തിന്റെ മർദ്ദവും മനസിലാക്കാതെയാണ് വിനോദ സഞ്ചാരികൾ അപകടങ്ങളിൽപ്പെടുന്നതെന്നതാണ് വസ്തുത. ഡാമും വെള്ളവും ഭൂപ്രദേശങ്ങളുമെല്ലാം കൃത്യമായി അറിയാവുന്നവർക്ക് പോലും പലപ്പോഴും ഇവിടെ അപകടം സംഭവിക്കാറുണ്ട്. അപ്പോഴാണ് നിർദ്ദേശങ്ങൾ അവഗണിച്ച് യുവത്വങ്ങൾ ഡാമിന്റെ കാണാക്കയങ്ങളെ പരീക്ഷിക്കുന്നത്.
 സൗന്ദര്യത്തിൽ മതിമറന്ന് അപകടക്കെണിയിലേയ്ക്ക്
ഇടുക്കി സംഭരണിയുടെ സൗന്ദര്യം തന്നെയാണ് പലപ്പോഴും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. ആഴമറിയാതെ തീരത്തേയ്ക്ക് ഇറങ്ങിയാൽ കാലുവഴുതി വീഴാനാണ് ഏറ്റവും സാധ്യത. മലഞ്ചെരിവിൽ അമ്പത് മുതൽ നൂറ് മീറ്റർ വരെ ഉയരത്തിലാകും ജലനിരപ്പ്. പടിഞ്ഞാറൻ കാറ്റ് നിരന്തരമായി വീശുന്നതിനാൽ സംഭരണിയിലെ ജലത്തിൽ ചെറുതിരമാലകളും ഉണ്ടാകും. നീന്തൽ പരിചയമുള്ളവർക്ക് പോലും സഹിക്കാൻ കഴിയാത്തത്ര തണുപ്പും മർദ്ദവും ജലാശയത്തിനുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിൽ കാൽ കുടുങ്ങാനും സാധ്യത ഏറെയാണ്.
 വനപാതകൾ വഴിയും ജലാശയത്തിലേയ്ക്ക്
25 കിലോമീറ്ററോളം വിസ്തൃതിയുള്ള ഇടുക്കി ജലാശയത്തിലേയ്ക്ക് എത്താൻ വഴികളേറെ. അഞ്ചുരുളിയ്ക്ക് പുറമേ വനപാതകളിലൂടെയും വൃഷ്ടിപ്രദേശത്ത് എത്താൻ കഴിയും. സാഹസികത നിറഞ്ഞ വനത്തിലൂടെയാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട പെൺകുട്ടികൾ അടങ്ങിയ സംഘം പന്ത്രണ്ടാം ബ്ലോക്കായ താമരപ്പാറയിൽ എത്തിയത്. ഇത്തരത്തിൽ നിരവധി സംഘങ്ങളാണ് മൊബൈൽ സിഗ്നൽ പോലും ലഭിക്കാത്ത വനപാതകൾ കടന്നെത്തുന്നത്. വലിയ അപകടം ഉണ്ടായതിന് ശേഷമാകും പുറംലോകമറിയുക. പെൺകുട്ടികൾ അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചിട്ടുണ്ട്.