തൊടുപുഴ: നാടുകാണി പവലിയൻ റോഡ് നവീകരിക്കാത്തതിനെ തുടർന്ന് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറയുന്നു. ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ ഇഷ്ടസ്ഥലങ്ങളിലൊന്നായിരുന്നു നാടുകാണിയും. എന്നാൽ ഇവിടേക്കുള്ള റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. പ്രധാന റൂട്ടിൽ നിന്ന് പവലിയനിൽ എത്തിച്ചേരാനുള്ള റോഡാണ് തകർന്ന് കിടക്കുന്നത്. സഞ്ചാരികളിൽ ചിലർ പ്രധാന റോഡിൽ വാഹനങ്ങൾ നിറുത്തിയിട്ടതിനു ശേഷം പൊട്ടിപൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ നടന്ന് പവലിയനിൽ എത്തുന്ന അവസ്ഥയാണുള്ളത്. എന്നാൽ പ്രായമായവർക്ക് നടന്ന് ഇവിടേക്ക് എത്താൻ പ്രയാസമാണ്. റോഡ് നന്നാക്കാനായി അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വൈദ്യുതി വകുപ്പിന്റെ അധീനതയിലാണ് ഈ റോഡ്. എന്നാൽ റോഡ് അറ്റകുറ്റപണി ചെയ്യാൻ വകുപ്പ് തയ്യാറാകുന്നില്ല. പവലിയന്റെ സമീപത്ത് നിന്ന് സ്വകാര്യ റിസോർട്ടിലേക്ക് പുതിയൊരു വഴി തുറന്നിട്ടുണ്ട്. ഈ റിസോർട്ടിലേക്ക് വരുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്ന് വരുന്നത്. കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയതിനു ശേഷമാണ് റോഡ് ഇത്രയധികം തകർന്നതെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു.

അതിവിദൂര കാഴ്ച അതിമനോഹരം

നാടുകാണി പവലിയനിൽ നിന്നുള്ള അതിവിദൂര കാഴ്ചകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മൂലമറ്റം ടൗൺ, മലങ്കര ജലാശയം, കാഞ്ഞാർ,​ കുടയത്തൂർ,​ മുട്ടം പ്രദേശങ്ങളും തൊടുപുഴ- മൂലമറ്റം റോഡ്, സ്വിച്ച് യാർഡ്, സെൻ്റ് ജോസഫ് കോളേജ് തുടങ്ങിയവ ഒറ്റഫ്രെയിമിൽ എന്നപോലെ കാണാൻ കഴിയും. ഇതാണ് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ഒരാൾക്ക് 25 രൂപയാണ് വൈദ്യുതി വകുപ്പ് പ്രവേശന ഫീസായി ഈടാക്കുന്നത്.