 
ഇടുക്കി: നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളീ ദേവീ ഗുരുദേവ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.കെ. കുമാരൻ തന്ത്രികളുടെയും ക്ഷേത്രം ഉപദേഷ്ടാവ് ശ്രീമദ് ബോധി തീർത്ഥ സ്വാമികളുടെയും ക്ഷേത്രം മേൽശാന്തി കവനാപതിയിൽ വിതുൽ ശർമയുടെയും അഭിജിത്ത് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ഏഴുദിവസം നീണ്ടുനിൽക്കുന്ന കുംഭഭരണി മഹോത്സവം നടക്കുക. തൃക്കൊടിയേറ്റിനോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി കെ. കുമാരൻ അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകും. യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിനീഷ് കോട്ടൂർ ആശംസകൾ അർപ്പിക്കും. കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ സ്റ്റേജ് ഷോയും കലാപരിപാടികളും മാറ്റിവെച്ചതായി ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ശാഖാ പ്രസിഡന്റ് സുരേഷ് ചീങ്കല്ലേൽ, ക്ഷേത്രം രക്ഷാധികാരി വിശ്വനാഥൻ ചാലിൽ, വൈസ് പ്രസിഡന്റ് ഷാജി എൻ.സി. നടക്കൽ, ശാഖാ സെക്രട്ടറി മനോജ് പുള്ളോലിൽ, ക്ഷേത്രം ചെയർമാൻ ദീപക് ചാലിൽ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകും. മഹോത്സവത്തിന്റെ നാലാം ദിവസം ഭദ്രകാളി ദേവീ പ്രതിഷ്ഠാവാർഷികമായി ആചരിക്കും. അഞ്ചാം ദിവസം ഗുരുദേവ പ്രതിഷ്ഠാവാർഷിക ദിനമായി ആചരിക്കും. നാരകക്കാനം മുതൽ എട്ടാംമയിൽ വരെയുള്ള പ്രദേശങ്ങളിൽ പറയ്‌ക്കെഴുന്നള്ളത്ത് ഉണ്ടാകും. മഹോത്സവത്തിന്റെ ഏഴാം ദിവസം വൈകിട്ട് അഞ്ചിന് കാൽവരിമൗണ്ടിൽ തയ്യാറാക്കിയ പ്രത്യേക പന്തലിൽ നിന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര ഉണ്ടാകും.