ഇടുക്കി: വട്ടവടയിൽ കർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വട്ടവടയിലെ കർഷകരുടെ വിവിധ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനും പ്രതിവിധികൾ ആവിഷ്‌കരിക്കുന്നതിനുമായി വട്ടവട ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവടയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രി യോഗത്തിനെത്തിയത്. ഇടനിലക്കാരുടെ ചൂഷണം, ജല ലഭ്യതയുടെ കുറവ്, ഭൂമി പ്രശ്‌നങ്ങൾ, ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന വെല്ലുവിളികൾ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ കർഷകർ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. വട്ടവടയിലെ ഗ്രാന്റീസ് മരങ്ങൾ മുറിച്ച് പിഴുതു മാറ്റുന്ന കാര്യത്തിൽ കഴിഞ്ഞ സർക്കാർ തീരുമാനം കൈ കൊണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഭൂമിക്ക് പട്ടയമില്ലാത്ത സാഹചര്യം കണക്കിലെടുത്ത് കർഷകർക്ക് വായ്പ ലഭ്യമാക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ ബാങ്കുകളുമായി ആലോചന നടത്തും. നാളുകൾക്ക് മുമ്പ് ഊർക്കടിൽ നിർമ്മാണം പൂർത്തീകരിച്ചിരുന്ന ഹോർട്ടികോർപ്പിന്റെ സംഭരണകേന്ദ്രം താമസം കൂടാതെ പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കും. സംഭരണകേന്ദ്രം പ്രവർത്തനക്ഷമമായാൽ മറ്റ് ജില്ലകളിലേയ്ക്കടക്കം വട്ടവടയിൽ നിന്ന് പച്ചക്കറികൾ വിൽപ്പനക്കായി കൊണ്ടുപോകാൻ കഴിയും. ഇതിനായി വാഹന സൗകര്യം ഏർപ്പെടുത്തും. നിർമ്മാണം പൂർത്തീകരിച്ച ശേഷവും കർഷകർക്ക് പ്രയോജനപ്രദമല്ലാതെ കിടക്കുന്ന വിവിധ ചെറുകിട തടയണകൾ വട്ടവടയുടെ വിവിധ ഇടങ്ങളിൽ ഉള്ളതായി പരാതി ഉയർന്നിട്ടുണ്ട്. വനം വകുപ്പുമായി ആലോചിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തും. കർഷകർക്കായുള്ള ജലസേചന സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ ഇടപെടൽ നടത്തും. പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് കർഷകർക്ക് നൽകാനുള്ള തുകയുടെ ഒരു ഭാഗം ഉടൻ നൽകും. ശേഷിക്കുന്ന തുക ഘട്ടം ഘട്ടമായി നൽകാൻ സർക്കാർ ഇടപെടൽ ഉണ്ടാകും. വട്ടവടയിലെ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ വിവിധ വകുപ്പമേധാവികളെയടക്കം പങ്കെടുപ്പിച്ച് യോഗം വിളിക്കും. വട്ടവടയടക്കം ജില്ലയിലെ പട്ടയ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി വകുപ്പ് മന്ത്രി മാർച്ചിൽ ജില്ലയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു.