dhaneesh
ധനീഷ്

പീരുമേട്: യുക്രെയിനിലെ യുദ്ധമുഖത്ത് നിന്ന് സുരക്ഷിതനായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലും സഹപാഠികളെ ഓർത്ത് അസ്വസ്ഥനാണ് പാമ്പനാർ സ്വദേശി ധനീഷ്. പാമ്പനാർ കരടിക്കുഴി പുതുവലിൽ പ്രിൻസ് ഭവനിൽ ആനന്ദിന്റെയും റീത്തയുടെയും മകനാണ് യുദ്ധം നടക്കുന്ന യുക്രെയിനിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. കീവിൽ നിന്ന് 280 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിന്നിറ്റ്‌സിയ നാഷണൽ പിരഗോവ് മെമ്മോറിയൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ധനീഷ്. യുദ്ധം പൊട്ടി പുറപ്പെടുന്നതിന് മുമ്പ് അവസാനമായി പുറപ്പെട്ട വിമാനത്തിലാണ് ധനുഷും കൂട്ടുകാരനായ കൊല്ലം സ്വദേശി ആഷിഖ് ലത്തീഫും കീവിൽ നിന്ന് യാത്ര തിരിച്ചത്. ഇതിനു ശേഷം വിമാനത്താവളം അടയ്ക്കുകയായിരുന്നു. 23ന് രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനം വൈകിട്ട് അഞ്ചിനാണ് ഉക്രയിനിലെ കീവിൽ നിന്ന് പുറപ്പെട്ടത്. അവിടത്തെ സാഹചര്യങ്ങൾ മോശമായതു കൊണ്ടാണ് ധനീഷും സുഹൃത്തും കൂടി നാട്ടിലേക്ക് പുറപ്പെട്ടത്. ഷാർജാ വഴിയാണ് നെടുമ്പാശ്ശേരിയയിൽ എത്തിയത്. എംബസിയിൽ ബന്ധപ്പെട്ടങ്കിലും പ്രത്യേകിച്ച് ഒരു സഹായവും ലഭിച്ചില്ല. ഷാർജയിൽ 19 മണിക്കൂർ ചെലവഴിച്ചതിനു ശേഷമാണ് ഇന്ത്യയിലേക്ക് പുറപ്പെടാൻ കഴിഞ്ഞത്. ധനീഷ് വന്ന വിമാനത്തിന് ശേഷം കീവിൽ നിന്ന് വിമാന സർവീസ് നിർത്തിവച്ചു. പിന്നീട് ഹോസ്റ്റൽ നിൽക്കുന്ന സ്ഥലത്ത് ബോംബ് ആക്രമണം ഉണ്ടായതായി അറിഞ്ഞു. എംബസിയിൽ നിന്നോ യൂണിവേഴ്‌സിറ്റിയിൽ നിന്നോ യാതൊരു വിവരവും വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. അതുകൊണ്ട് മറ്റ് വിദ്യാർത്ഥികൾക്ക് നാട്ടിലേക് വരാൻ കഴിഞ്ഞിട്ടില്ല. ധനീഷിന്റെ സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവരുടെ അവസ്ഥ വളരെ മോശമാണെന്ന് ധനീഷ് പറയുന്നു. ഹോസ്റ്റലിൽ അകപ്പെട്ട മറ്റു വിദ്യാർത്ഥികൾക്ക് ഒരു സൂപ്പർ മാർക്കറ്റ് തുറന്ന് അത്യാവശ്യ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകിയതായി ധനീഷന്റെ സുഹൃത്തുക്കൾ അറിയിച്ചു. തന്റെ കോളേജിൽ അകപെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരും നൈജീരിയക്കാരുമാണെന്നും ധനീഷ് പറയുന്നു. യുദ്ധം തുടർന്നാൽ ഭക്ഷണവും കുടിക്കാൻ വെള്ളവും കിട്ടാത്ത അവസ്ഥയാകും.