തൊടുപുഴ: അശാസ്ത്രീയമായ തൊടുപുഴ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി പി.ജെ. ജോസഫ് എം.എൽ.എ വിളിച്ചു ചേർത്ത ഉന്നതതല യോഗ തീരുമാനങ്ങൾ സ്വാഗതാർഹമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. തൊടുപുഴയിലെ മുഴുവൻ ജനങ്ങളുടെയും ആശങ്കയായിരുന്ന മാസ്റ്റർപ്ലാനിൽ സമഗ്ര മാറ്റം വരുത്തുന്നതിനും തൊടുപുഴയുടെ ഭാവി വികസനം വിഭാവനം ചെയ്യുന്നതിനും വേണ്ടി ഒരു വിദഗ്ദ്ധ ഏജൻസിയെ ഏൽപ്പിക്കുന്നതിന് വന്ന നിർദേശം അസോസിയേഷന് സ്വീകാര്യമാണ്. കൂടാതെ മാസ്റ്റർ പ്ലാൻ മൂലം ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടി നഗരസഭയുടെ ഭാഗത്ത് നിന്നുള്ള പൂർണപിന്തുണയും മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന്റെ നിലപാടും സ്വാഗതാർഹമാണ്. മുനിസിപ്പൽ റോഡുകളുടെ വീതിയിൽ തൽസ്ഥിതി തുടരണം. മാസ്റ്റർ പ്ലാൻ മൂലം വ്യാപാരികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും വിവിധ മേഖലകളായി തിരിച്ചതിന്റെ അപാകതകളും പരിഹരിക്കണം. 2030 വരെ തൊടുപുഴയിലെ സ്ഥലങ്ങൾ മരവിപ്പിച്ചിട്ടുള്ള നടപടി വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. ഇതിനു ശാശ്വത പരിഹാരം കാണണം. തൊടുപുഴ നഗരസഭയിൽ കഴിഞ്ഞ ആറ് മാസക്കാലമായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നില്ല. ഇതിന് മാറ്റം വരുത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അനുമതി കൊടുക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.