janaki

 ഡോ. ജാനകി അമ്മാളുടെ 38-ാം ചരമവാർഷികം ഇന്ന്

കണ്ണൂർ : ശാസ്ത്രവിഷയത്തിൽ രാജ്യത്ത് ആദ്യമായി ഡോക്ടറേറ്റ് നേടിയ കണ്ണൂർ സ്വദേശിയും പ്രമുഖ സസ്യശാസ്ത്രജ്ഞയുമായിരുന്ന ഇ.കെ. ജാനകി അമ്മാളിനെ കേരളം മറന്നെങ്കിലും അവരുടെ പേരിൽ പുഷ്പസ്മാരകം തീർത്ത് തമിഴ്നാട് സ്മരണ നിലനിറുത്തുന്നു.

തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയായ ഇടവലത്ത് കക്കാട്ട് ജാനകി അമ്മാളിന്റെ പേരിലാണ് തമിഴ്നാട് കൊടൈക്കനാലിലെ പനിനീർപ്പൂക്കൾ അറിയപ്പെടുന്നത്. തമിഴ്നാട്ടിലെത്തിയപ്പോൾ നാട്ടുകാർ അമ്മാൾ ചേർത്ത് വിളിച്ചതോടെയാണ് പിന്നാക്കവിഭാഗത്തിൽ പെട്ട ജാനകിയുടെ പേരിൽ അമ്മാൾ കൂടി ചേർന്നത്. തലശ്ശേരി സബ് ജഡ്ജിയായിരുന്ന ദിവാൻ ബഹാദൂർ ഇ.കെ. കൃഷ്ണന്റെയും ദേവി അമ്മയുടെയും മകളായ ജാനകി അമ്മാൾ 1984 ഫെബ്രുവരി ഏഴിനാണ് മരിച്ചത്. അവിവാഹിതയായിരുന്നു. ജാതി മത വിവേചനങ്ങൾ ശക്തമായിരുന്ന അക്കാലത്ത് ബാർബോർ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യ പൗരസ്ത്യദേശ വിദ്യാർത്ഥിനി എന്ന ബഹുമതിയും ജാനകി അമ്മാൾ സ്വന്തമാക്കി.

1921ൽ പ്രസിഡൻസി കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ഓണേഴ്‌സ് ബിരുദം നേടിയ അവർ മദ്രാസ് വിമൻസ് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപികയായി. 1931ൽ ഗവേഷണ ബിരുദം കരസ്ഥമാക്കിയപ്പോൾ, വിദേശ സർവകലാശാലയിൽ നിന്ന് ഡി.എസ്‌സി ഗവേഷണ ബിരുദം നേടുന്ന ആദ്യ ഭാരതീയ വനിതയെന്ന പദവി ലഭിച്ചു. ജാതി വിവേചനം രൂക്ഷമായപ്പോൾ 1939ൽ ജാനകി അമ്മാൾ ഇംഗ്ലണ്ടിലെ ജോൺ ഇൻസ് ഹോർട്ടികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്നു.

തിരിച്ചുവിളിച്ചത് ജവഹർലാൽ നെഹ്റു

1951ൽ പ്രധാനമന്ത്രി നെഹ്രു ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചു. ബി.എസ്.ഐ സ്‌പെഷ്യൽ ഓഫീസറായി 1954 വരെ പ്രവർത്തിച്ചു. തുടർന്ന് അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി. ഇന്ത്യൻ അക്കാഡമി ഒഫ് സയൻസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്ന ജാനകി അമ്മാളിന് 1957ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

റോസാച്ചെടിക്ക് പേര് നൽകി

2019 ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനത്തിൽ ഇംഗ്ലണ്ടിലെ ജോൺ ഇൻസ് സെന്ററും റോയൽ ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്ന് 'റോസാ ക്ലൈനോഫില്ല'യെന്ന റോസ് ചെടിക്ക് ഇ.കെ. ജാനകിഅമ്മാളിന്റെ പേര് നൽകി ആദരിച്ചു. ഇത് വികസിപ്പിച്ചെടുത്ത കൊടൈക്കനാൽ സ്വദേശികളായ വീരു വീരരാഘവൻ- ഗിരിജ ദമ്പതിമാരുടെ നിർദ്ദേശപ്രകാരമാണ് ഇളം മഞ്ഞ റോസാപ്പൂവിന് ആ പേര് നൽകിയത്

ജാനകി അമ്മാൾ മിതഭാഷിയായിരുന്നു. പക്ഷേ, തോട്ടത്തിലെ പൂവിറുക്കുന്നത് കണ്ടാൽ സഹിക്കില്ല. പൂക്കളെയും ചെടികളെയും ജീവനുതുല്യം സ്നേഹിച്ചിരുന്ന അവർ പൂവിറുത്തവരെ ഓടിച്ചിട്ട് പിടിക്കും.

-മാണിക്കോത്ത് പ്രഭ, ​ജാനകി അമ്മാളിന്റെ ബന്ധു