മാതമംഗലം: സിംഗപ്പൂരിലുള്ള മകൻ ജിസ്‌മോനൊപ്പം തായ്ലന്റിലും മറ്റും യാത്ര ചെയ്ത തോമസ് നാട്ടിലേക്ക് വന്നത് മനസ്സ് നിറയെ തുരങ്കക്കാഴ്ചകളുമായാണ്. തായ്ലന്റിലെ പോലെ അത്രയൊന്നും വലുതല്ലെങ്കിലും തനിക്കും തുരങ്കം നിർമ്മിക്കണമെന്ന അതിയായ മോഹം തോമസിനെ വെറുതെയിരുത്തിയില്ല. എരമം കുറ്റൂർ പഞ്ചായത്തിൽ പെരുവാമ്പയിലെ ചെരിയൻപുറത്ത് സി.ടി. തോമസ് അങ്ങനെയാണ് വീട്ടുമുറ്റത്ത് വലിയൊരു തുരങ്കം തീർത്തത്.
വീട്ടുകാർ ആദ്യമൊന്ന് വിലക്കിയെങ്കിലും തോമസ് പിന്മാറിയില്ല. ഒടുവിൽ ഭാര്യ സാലിയും മകൻ വിമലും തോമസിനു പിന്തുണയുമായെത്തി. പേരക്കുട്ടികളായ ഇവാനയും നോറയും കാരലും നാട്ടിലേക്ക് വരുമ്പോൾ അവർക്ക് കളിക്കാൻ ഒരിടം കൂടി എന്ന നിലയിലാണ് 69 കാരനായ തോമസ് ഈ തുരങ്കം തീർത്തത്.വെട്ടുകല്ലു നിറഞ്ഞു ബലവത്തായ സ്ഥലത്തിനുള്ളിലൂടെ തുരന്നുതുരന്നു കയറിപ്പോൾ തുരങ്കം നാട്ടിൽ സൂപ്പർ ഹിറ്റായി മാറി. ഒരു ദിവസം 25 പേരെങ്കിലും ഇപ്പോൾ തോമസിന്റെ തുരങ്കം കാണാൻഎത്തുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നല്ല തിരക്കാണ്.
തുരങ്കം പണിതു ആറു മാസം കൊണ്ട്
കഴിഞ്ഞ വർഷം മാർച്ചിൽ തുടങ്ങിയ തുരങ്ക നിർമ്മാണം ആഗസ്റ്റോടെയാണ് പൂർത്തിയായത്. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോൾ തോമസ് തുരങ്കം നിർമ്മിച്ച് പുതിയ ലോകം നാട്ടുകാർക്ക് മുന്നിൽ തുറന്നു കൊടുക്കുകയായിരുന്നു. വെട്ടുകല്ല് ധാരാളമുള്ള പ്രദേശത്തെ വലിയൊരു മൺതിട്ടയിലാണ് നിർമാണം തുടങ്ങിയത്.ആറു മാസം കൊണ്ടാണ് ആറടി ഉയരത്തിലും അത്രതന്നെ വീതിയിലും 25 മീറ്റർ നീളത്തിലുമുള്ള തുരങ്കം തോമസ് തീർത്തത്. അതും ഒരു രൂപ ചെലവില്ലാതെ. രാത്രിവേളകളിലെ പണികൾക്ക് പ്രത്യേകമായി വെളിച്ചം ക്രമീകരിച്ചു. മണ്ണ് പുറത്തേക്കു നീക്കുന്നതുൾപ്പെടെ മറ്റാരുടെയും സഹായം തേടിയില്ല.
ഒരു ദിവസം 14 മണിക്കൂർ വരെ കഠിനാദ്ധ്വാനം. തൂമ്പാ കിളച്ചതും മണ്ണ് കോരിയതും എല്ലാം തോമസ്. 200 ലോഡ് മണ്ണെങ്കിലും കിളച്ചെടുത്ത് പുറത്തേക്ക് തള്ളിയിട്ടുണ്ട്.കമാന ആകൃതിയിൽ വെട്ടിക്കീറിയതും മണ്ണുനീക്കം ചെയ്തതും തോമസ് തനിച്ച്.ചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും തുരങ്ക നിർമ്മിതിയിൽ അതൊക്കെ തോമസ് മറക്കും. 25 മീറ്റർ കൂടി നീളം വേണം ഇനിയും. അതിനുള്ള ശ്രമത്തിലാണിപ്പോൾ തോമസ്. പിന്നെ തുരങ്കത്തിനകത്ത് വൈദ്യുതീകരിക്കണം. ഏതു സമയത്തും ആർക്കും കടന്നു ചെല്ലാൻ കഴിയുന്ന വിധത്തിലുള്ള സംവിധാനമൊരുക്കണം. നട്ടുച്ചയിലെ അതികഠിന ചൂടിൽ യാത്ര ചെയ്ത് വരുന്നവർക്ക് തുരങ്കത്തിനുള്ളിൽ കയറിയാൽ ശീതീകരിച്ച മുറിയിൽ എത്തിയ അനുഭൂതിയാണു തോന്നുക. ഫോട്ടോ ഷൂട്ടിനായുള്ള സ്ഥലങ്ങളും ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
ചെരിയൻപുറത്ത് തോമസ്
തുരങ്കം നിർമ്മാണം ഏറെയും മഴക്കാലത്തായിരുന്നതിനാൽ മണ്ണ് ഇടിഞ്ഞു വീഴുമോ എന്ന ഭീതിയിൽ വീട്ടുകാർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല.