കാസർകോട്: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ചീമേനിയിൽ പരിസ്ഥിതി സൗഹൃദ സൂപ്പർ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം പൂർണ്ണമായും ഉപേക്ഷിച്ച് സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ്. പദ്ധതി നിർവ്വഹണത്തിന്റെ രേഖയും വായു, ജലം, മണ്ണ് എന്നിവ സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ടും തയ്യാറാക്കിയ പദ്ധതിയാണ് കെ.എസ്. ഇ. ബി ഒഴിവാക്കിയത്.
താപവൈദ്യുതി നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയാണ് പദ്ധതി ഉപേക്ഷിക്കുന്നതിന് ഇലക്ട്രിസിറ്റി ബോർഡ് കാരണമായി പറഞ്ഞിരുന്നത്. ഹൈഡ്രോ,സോളാർ വൈദ്യുതി നിലയങ്ങൾ മതിയെന്ന സർക്കാർ നിലപാടും താപവൈദ്യുതിനിലയം ഉപേക്ഷിച്ചതിന് പിന്നിലുണ്ട്. താപനിലയം സ്ഥാപിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുമെന്ന് അക്കാലത്ത് പ്രചാരണമുണ്ടായിരുന്നു. 2014 ആഗസ്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഉത്തരേന്ത്യയിലെ കൽക്കരി കൊണ്ട് പ്രവർത്തിക്കുന്ന മറ്റു താപവൈദ്യുതി നിലയങ്ങൾ സന്ദർശിച്ചു പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിനും നിശ്ചയിച്ചിരുന്നു. അന്നത്തെ ജില്ലാ കളക്ടർ പി.എസ്. മുഹമ്മദ് സഗീറിന്റെയും കെ.എസ്.ഇ.ബി മുൻ ചെയർമാൻ എം. ശിവശങ്കരന്റെയും നേതൃത്വത്തിലായിരുന്നു ഇത്. ഒരു മാസത്തിനകം കൽക്കരി നിലയങ്ങൾ സന്ദർശിക്കാൻ നിശ്ചയിച്ചെങ്കിലും നടന്നില്ല. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന താപനിലയങ്ങളിൽ ചാരവും മാലിന്യങ്ങളും പൊതുവേ കുറവാണെന്ന് അന്ന് കെ .എസ് .ഇ. ബി പറഞ്ഞിരുന്നു.
ഉപേക്ഷിച്ചത് 2520 മെഗാവാട്ടിന്റെ യൂണിറ്റ്
2520 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാണ് ചീമേനിയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 12350 കോടി ചിലവ് പ്രതീക്ഷിച്ച പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ജലശീതീകരണത്തിനും വാതക ടർബൈനും മൂന്ന് വീതം ടവറുകളും സ്ഥാപിക്കാൻ ഉദ്ദേശിച്ചു. ചീമേനി വില്ലേജിൽ ആകെയുള്ള 200 ഏക്കറിൽ ജലസംഭരണിയും ജലസംസ്‌ക്കരണ പ്ലാന്റും വാതക സംഭരണകേന്ദ്രവും ഒരുക്കുന്നതിനും തീരുമാനിച്ചു. 63.50 ഏക്കർ സ്ഥലമാണ് പ്ലാന്റ് ആവശ്യത്തിനായി നിശ്ചയിച്ചത്.
തേജസ്വിനി പുഴയിൽ തടയണ കെട്ടിയാണ് പദ്ധതിക്ക് ആവശ്യമായ വെള്ളം സംഭരിക്കാൻ പദ്ധതിയിട്ടത്. പ്രതിദിനം 3480 ക്യൂബിക് മീറ്റർ ( 34380000 ലിറ്റർ) ശുദ്ധജലമാണ് വേണ്ടിയിരുന്നത്. വെറ്റ് കൂളിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിൽ 15 കിലോമീറ്റർ അകലെയുള്ള അറബിക്കടലിൽ നിന്നും വെള്ളമെത്തിക്കുന്നതിനും പദ്ധതിയുണ്ടാക്കി വാട്ടർ അതോറിറ്റി അംഗീകരിച്ചു.
കേന്ദ്രം പറഞ്ഞത് ഗ്യാസ് പവർ സ്റ്റേഷൻ
കേന്ദ്രസർക്കാർ ഗ്യാസ് പവർ സ്റ്റേഷൻ സ്ഥാപിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതിന് ചിലവ് കൂടുമെന്ന് പറഞ്ഞാണ് സംസ്ഥാന സർക്കാർ താപനിലയം മതിയെന്ന് നിശ്ചയിച്ചത്. 2016 ൽ 2050 കോടി ചിലവിൽ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിക്കാനും ഉദ്ദേശിച്ചിരുന്നു.