കണ്ണൂർ: കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി സർവ്വെ നടപടികളും ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കലിന് വേണ്ടി സർക്കാർ ഇറക്കിയ ഉത്തരവും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാലാട് കുഞ്ഞിപ്പള്ളി റോഡിന്റെ സമീപം താമസിക്കുന്ന കെ. പ്രജിത് നൽകിയ ഹരജിയിലാണ് സർവ്വെ നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സർവ്വെ നടത്തുന്നതിന് വീട് അതിക്രമിച്ച് കടക്കുന്നുവെന്നും മറ്റുമുള്ള ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും നിയമ പ്രകാരം മാത്രമെ നടപടി സ്വീകരിക്കുകയുള്ളൂവെന്നുമുള്ള സർക്കാർ വാദം സ്വീകരിച്ചാണ് കോടതി ഉത്തരവ്. സർക്കാരിന് വേണ്ടി സീനിയർ ഗവ. പ്ലീഡർ കെ.വി. മനോജ്കുമാർ ഹാജരായി.