kannadi-illam

മാതമംഗലം (കണ്ണൂർ): പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയും മലയാളിക്ക് ചിരപരിചിതമാക്കിയ കൈതപ്രം സഹോദരങ്ങളുടെ മുന്നൂറുവർഷം പഴക്കമുള്ള തറവാട് (കണ്ണാടി ഇല്ലം)​ പൊളിച്ച് നവീകരിക്കുന്നു. കോഴിക്കോട്ടുള്ള എട്ട് ജോലിക്കാരുടെ നേതൃത്വത്തിൽ ഇന്നലെ പൊളിച്ചുനീക്കൽ തുടങ്ങി.

കൈതപ്രം ദാമോദരൻ നമ്പൂതിരി ഈ വീട്ടിലിരുന്നാണ് പാണപ്പുഴയും വണ്ണാത്തിപ്പുഴയും പാട്ടിലൂടെ മലയാളിക്ക് മറക്കാനാവാത്ത വൈകാരികാനുഭവമാക്കിയത്. ഈ നാലുകെട്ടും നടുമുറ്റവും പൂജാമുറിയും നിരവധി പാട്ടുകളിലൂടെ മലയാളിക്ക് പകർന്നുനൽകിയിട്ടുണ്ട്. നാലുകെട്ടിനോടു ചേർന്ന് വിശാലമായ കുളവും വണ്ണാത്തിപ്പുഴയിലേക്കുള്ള നടപ്പാതയുമുണ്ട്. ഈ ഭാഗത്തേക്ക് ഒഴുകിയെത്തുമ്പോഴാണ് വണ്ണാത്തിപ്പുഴ കൊലുസണിഞ്ഞ് കണ്ണാടിപ്പുഴയായി മാറുന്നത്. കണ്ണാടി ഇല്ലത്തിൽ നിന്ന് പുഴയിലേക്ക് ഇറങ്ങാൻ കൽപ്പടവുകളുമുണ്ടായിരുന്നു.

കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഈയിടെ അന്തരിച്ച സഹോദരനും സംഗീത സംവിധായകനുമായ വിശ്വനാഥനുമാണ് ഈ കണ്ണാടി ഇല്ലത്തിൽ താമസിച്ചിരുന്നത്. പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കണ്ണാടിഭാഗവതർ എന്ന കേശവൻ നമ്പൂതിരിയുടെ മരണശേഷം പുതുക്കിപ്പണിയാൻ പലവട്ടം ശ്രമിച്ചിരുന്നു. കൈതപ്രവും വിശ്വനാഥനും കോഴിക്കോട്ടേക്ക് താമസം മാറിയതോടെ അതു നടക്കാതായി. കൈതപ്രത്തിന്റെ മക്കൾ ദീപാങ്കുരനും ദേവദർശനും മുൻകൈയെടുത്താണ് ഇല്ലം പുതുക്കിപ്പണിയുന്നത്.

പൂർണമായും കല്ലിൽ തീർത്ത തറവാടിന് 25 മുറികളുമുണ്ട്.

'തറവാട്ടിൽ താമസിക്കാൻ ആളില്ലാതെ വന്നപ്പോഴാണ് തകർന്നുതുടങ്ങിയത്. ഇപ്പോൾ പുതുതലമുറയിലെ കുട്ടികൾ മുൻകൈയെടുത്ത് പുതുക്കിപ്പണിയാൻ തുടങ്ങുന്നത് നല്ല കാര്യമാണ്".

- ഈശ്വരൻ നമ്പൂതിരി, കൈതപ്രത്തിന്റെ ബന്ധു