പയ്യന്നൂർ: നഗരസഭയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ പൂർത്തിയായതായും 15 മുതൽ 18 വയസ് വരെ പ്രായമുള്ള 95 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകി കഴിഞ്ഞതായും ചെയർപേഴ്സൺ കെ.വി. ലളിത പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന 2100 പേർക്ക് ഇതിനകം ബൂസ്റ്റർ ഡോസും നൽകിയിട്ടുണ്ട്. നഗരസഭ കൊവിഡ് അവലോകന കോർ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ .
നഗരസഭ പരിധിയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം കൂടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്സവം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ നിയന്ത്രണങ്ങൾ പാലിക്കാതെ ജനങ്ങൾ കൂട്ടമായി പങ്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ തുടങ്ങിയ ചടങ്ങുകൾ മുൻകൂട്ടി നഗരസഭയെയും, പൊലീസിനെയും അറിയിക്കണമെന്നും സർക്കാറിന്റെ കൊവിഡ് നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ചെയർപേഴ്സൺ പറഞ്ഞു. നഗരസഭ പരിധിയിലെ ഓഡിറ്റോറിയം പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാനും തീരുമാനിച്ചു.