കണ്ണൂർ : തിങ്കളാഴ്ച അർദ്ധരാത്രി നടന്ന അരുംകൊലയിൽ തീരപ്രദേശമായ ആയിക്കരയുടെ നടുക്കം മാറിയില്ല.കണ്ണൂർ പയ്യാമ്പലത്തെ ഹോട്ടലുടമ ജസീറിന്റെ മരണം ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. രാവിലെ മുതൽ രാത്രി വരെ അദ്ധ്വാനിച്ച് ജീവിക്കുന്ന ജസീറിനെ കുറിച്ച് നാട്ടുകാർക്ക് നല്ലതു മാത്രമെ പറയാനുള്ളൂ.പയ്യാമ്പലത്തെ ഹോട്ടൽ പൂട്ടിയതിനു ശേഷം ആയിക്കര വഴി തിങ്കളാഴ്ച്ച രാത്രി 12 മണിക്ക്കണ്ണൂർ തായത്തെരുവിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്ന ജസീർ കൂടെയുണ്ടായിരുന്നയാളുടെ സ്‌കൂട്ടറെടുക്കാനായി കാർ നിർത്തിയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന യുവാക്കളുമായി വാക്കേറ്റമുണ്ടായത്.
വാക്ക് തർക്കം മൂത്തപ്പോൾ ഒരാൾ ജസീറിനെ പിടിച്ചു വയ്ക്കുകയും മറ്റൊരാൾ മൂർച്ചയുള്ള കമ്പിയോ, കത്തിയോ കൊണ്ടു കുത്തിയിറക്കുകയായിരുന്നു.ജസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത പ്രദേശമായ ആദികടലായിയെ പി.റബീഹിനെയും കെ. ഹനാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തിയതിനു ശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിലൊരാൾ ഗൾഫിൽ നിന്നും അവധിക്ക് വന്നയാളും മറ്റൊരാൾ മത്സ്യതൊഴിലാളിയുമാണ് .
കൊല നടന്ന സ്ഥലം പൊലീസ്, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗങ്ങൾ പരിശോധിച്ചു
ഇന്നലെ രാവിലെ 11 മണിയോടാണ് അന്വേഷണ സംഘം പ്രതികളുമായി തെളിവെടുപ്പ് തുടങ്ങിയത്.ഉച്ചവരെ തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന സ്ഥലത്തു നിന്ന് രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
പൊലീസ് നായ മണം പിടിച്ച് തായത്തെരു ഭാഗത്തെ പൊതുകുടിവെള്ള ടാപ്പ് വരെ എത്തിയിരുന്നു. ഇവിടെ നിന്ന് പ്രതികൾ ചോര പുരണ്ട കൈ കഴുകിയിരുന്നുവെന്നാണ് കരുതുന്നത്.
പ്രതികൾ കുറ്റം സമ്മതിച്ചായി പൊലീസ്
ഹോട്ടൽ ഉടമ ജസീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
മയക്കു മരുന്നിന്റെയോ മദ്യത്തിന്റെയോ ലഹരിയിലല്ല പ്രതികൾ കൃത്യം നടത്തിയത്. സാധാരണ വാക് തർക്കത്തിന്റെ ഭാഗമായിട്ടാണ് കൊലപാതകം നടന്നതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ പിടിയിലായ ഹനാൻ, റബീബ് എന്നിവരുടെ പേരിൽ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ മറ്റ് കേസുകളെന്നുമില്ലെന്നും വേറെ ഏതെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും കമ്മീഷണർ പറഞ്ഞു.
മരണകാരണം നെഞ്ചിലേറ്റ മുറിവ്
നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രതികളിൽ ഒരാൾ കത്തി കൊണ്ട് കുത്തുകയും മറ്റേയാൾ അടിക്കുകയുമാണ് ചെയ്തത്. അതിമാരകമായ കുത്തേറ്റു ഹൃദയത്തിന്റെ അറകൾ മുറിഞ്ഞതാണ് ജസീർ തൽക്ഷണം മരിക്കാൻ കാരണം. സംഭവം നടന്നയുടൻ പ്രതികൾ ഉടൻ അവിടെ നിന്നും ബൈക്കിൽ രക്ഷപ്പെട്ടുവെങ്കിലും സി.സി.ടി വി കാമറയിൽ പതിഞ്ഞതിനാൽ പൊലിസ് പിൻതുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. മരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടായാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു. കൊലപാതകത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.