
ആറളം: ഓരോ വർഷവും കശുമാവ് പൂക്കുമ്പോൾ കർഷകരുടെ മനസിൽ ആധിയാണ്. വില കുത്തനെ താഴുന്നതിനുപുറമെ പ്രതികൂല കാലാവസ്ഥയും ഇക്കുറി കൃഷിക്ക് മേൽ കാറും കോളും പരത്തുകയാണ്. മാവുകൾ പൂത്തു തുടങ്ങുമ്പോഴാണ് ഇടയ്ക്കിടെ മഴക്കാർ പ്രത്യക്ഷപ്പെടുന്നത്. ഇതുമൂലം ഉത്പാദനം എത്രകണ്ട് കുറയുമെന്നറിയാതെ ആശങ്കയിലാണ് കർഷകർ. കശുമാവിൻ തൈകൾക്ക് പിടിപെടുന്ന രോഗങ്ങളും ആശങ്ക പരത്തുന്നുണ്ട്.
സാധാരണ ഡിസംബർ പകുതിയോടെ കശുമാവ് പൂത്തുതുടങ്ങേണ്ടതാണ്. എന്നാൽ, കാലാവസ്ഥാവ്യതിയാനം കാരണം ജനുവരി കഴിഞ്ഞിട്ടും ഭൂരിഭാഗം പ്രദേശങ്ങളിലും വിളവ് ലഭിച്ചുതുടങ്ങിയിട്ടില്ല. നിലവിൽ നൂറു രൂപ നിരക്കിലാണ് കശുഅണ്ടി സംഭരിക്കുന്നത്. എന്നാൽ, ഇത് വളരെ തുച്ഛമായ തുകയാണെന്നാണ് കർഷകർ പറയുന്നത്. 50രൂപ തറവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർഷകരും കർഷക സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
2014 ൽ കശുമാവ് കർഷകരെ സംരക്ഷിക്കാൻ മണ്ണുത്തി ആസ്ഥാനമാക്കി കാഷ്യു ബോർഡ് രൂപീകരിച്ചിരുന്നു. ഒരു ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷിചെയ്യുന്നവർക്ക് സബ്സിഡി അടക്കം നല്കി വന്നിരുന്നു. ഇതോടെ ധാരാളം പേർ കശുമാവ് കൃഷിയിലേക്ക് മടങ്ങിവന്നിരുന്നു. എന്നാൽ, നിലവിൽ ഇതും നിർത്തലാക്കി. സബ്സിഡി ഉൾപ്പെടെ കശുമാവിൻ കൃഷിക്ക് നല്കണമെന്നാണ് കർഷകരുടെ ആവശ്യം.
ആറളം ഫാമിന് പ്രതീക്ഷ
കശുമാവ് പൂക്കുന്നത് നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ആറളം ഫാമിനും പ്രതീക്ഷ നൽകുന്നുണ്ട്. ലോകത്ത് ഏറ്റവും ഗുണമേന്മയുള്ള കശുഅണ്ടി വിളയുന്ന സ്ഥലമാണ് ആറളം ഫാം. കഴിഞ്ഞ രണ്ടു വർഷമായി സർക്കാർ ഏജൻസികളായ കാപ്പെക്സും കശുഅണ്ടി വികസന കോർപറേഷനുമാണ് ഇവിടെനിന്ന് കശുഅണ്ടി ശേഖരിച്ചിരുന്നത്. കാട്ടാനശല്യവും കൊവിഡ് വ്യാപനവും മറ്റും കഴിഞ്ഞ വർഷങ്ങളിൽ കശുഅണ്ടി ശേഖരിക്കുന്നതിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വിപണി കീഴടക്കാൻ മൂല്യവർദ്ധിത ഉത്പന്നങ്ങളും
പാഴായിപ്പോകുന്ന ടൺകണക്കിന് കശുമാങ്ങയിൽനിന്നു മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് കഴിഞ്ഞവർഷം മുതൽ വിപണിയിൽ ലഭ്യമാക്കിവരികയാണ് ആറളം ഫാം. ജാം, അച്ചാർ, സ്ക്വാഷ് എന്നിവയാണ് ആറളം ബ്രാൻഡിൽ വിപണിയിൽ ലഭ്യമാക്കിവരുന്നത്. പൈലറ്റ് പദ്ധതിയെന്ന നിലയിൽ അഞ്ചു ലക്ഷം രൂപയുടെ വിപണിയാണ് കഴിഞ്ഞവർഷം ലക്ഷ്യമിട്ടിരുന്നത്. കശുഅണ്ടി കർഷകരുടെ മുന്നിൽ വലിയ സാദ്ധ്യതകൂടി തുറന്നിട്ടായിരുന്നു ഫാമിന്റെ പരീക്ഷണം. ആറളം ഫാമിൽ മാത്രം 800 ടണ്ണോളം കശുമാങ്ങയാണ് പാഴായിപ്പോകുന്നത്. ഈവർഷം ഇതിന്റെ മൂന്നിലൊന്നെങ്കിലും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്.
ഫാമിൽ പ്രതിസന്ധികൾ പലതുണ്ടായിട്ടും കഴിഞ്ഞതവണ നല്ലതോതിൽ കശുഅണ്ടി ശേഖരിക്കാൻ കഴിഞ്ഞിരുന്നു. ഫാമിന്റെ മൂന്നിലൊരു വരുമാനവും ലഭിക്കുന്നത് കശുഅണ്ടിയിലൂടെയാണ്. കാട്ടാനശല്യം ഇപ്പോഴും വലിയ പ്രതിസന്ധിയായിത്തന്നെ തുടരുകയാണ്
-എസ്.ബിമൽഘോഷ്
എം.ഡി. ആറളം ഫാം