kattamballi
കാട്ടാമ്പള്ളി തണ്ണീർത്തടം

കണ്ണൂർ : പ്രധാന തണ്ണീർത്തടങ്ങളായ കാട്ടാമ്പള്ളിയും കവ്വായിയും റംസാർ സൈറ്റ് പദവിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് കണ്ണൂർ ജില്ലയുടെ ഹരിത സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്നു. അഷ്ടമുടിയും ശാസ്താംകോട്ടയും വേമ്പനാട്ടും ഈ പട്ടികയിൽ ഉൾപ്പെടുത്തിയ 2002ൽ തന്നെ ഈ രണ്ട് തണ്ണീർത്തടങ്ങളെയും ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നതാണ്.

യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ആഗോള പ്രാധാന്യമർഹിക്കുന്ന തണ്ണീർത്തട പട്ടികയായ 'റംസാർ സൈറ്റി'ൽ ഉൾപ്പെടാനുള്ള യോഗ്യതയെല്ലാമുണ്ടെങ്കിലും കേന്ദ്ര വനം– പരിസ്ഥിതി– കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കാട്ടാമ്പള്ളിയെയും കവ്വായിയെയും തിരിഞ്ഞു നോക്കുന്നില്ല.

ഹരിതസമൃദ്ധം കാട്ടാമ്പള്ളി

കണ്ണൂർ കോർപ്പറേഷനിലും ചിറക്കൽ, നാറാത്ത്, മുണ്ടേരി, മയ്യിൽ, കുറ്റിയാട്ടൂർ പഞ്ചായത്തുകളിലുമായി 7.5 ചതുരശ്ര കിലോമീറ്റർ വ്യാപിക്കുന്നതാണ് ഈ തണ്ണീർത്തടം.ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഒന്നോ രണ്ടോ പക്ഷികളുടെ ആവാസകേന്ദ്രമായതിനാൽ ബേർഡ് ലൈഫ് ഇന്റർനാഷണൽ 2004ൽ കാട്ടാമ്പള്ളിയെ പ്രധാന പക്ഷിസങ്കേതമായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ എ ഒന്നിലാണ് സ്ഥാനം.വിവിധ തരം പക്ഷികൾക്ക് പുറമെ 74 ഇനം മത്സ്യങ്ങളും 16 ഇനം ഞണ്ടുകളുമുണ്ട്. 1,258 ഹെക്ടർ നെൽകൃഷിയിറക്കിയ സ്ഥലത്ത് 958 ഹെക്ടറിൽ കൈപ്പാട് കൃഷിയുണ്ടായിരുന്നു. മണ്ണിന്റെ ജൈവഘടന മാറിയതോടെ കൈപ്പാട് കൃഷി പറ്റാത്ത ഇടമായി ഈ മേഖല മാറി.

സർവ്വേയിലൊതുങ്ങി ജൈവവൈവിദ്ധ്യ കലവറ

ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ കവ്വായി കായലിന് റംസാർ സൈറ്റ് പദവി നൽകുന്നതിനുള്ള പ്രവൃത്തിയും സർവേയിൽ ഒതുങ്ങി. ഏതാനും വർഷം മുമ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യാഗസ്ഥർ കായൽ സന്ദർശിച്ച് സർവേ നടത്തിയിരുന്നെങ്കിലും തുടർനടപടികൾ ചുവപ്പുനാടയിലായതാണ് പ്രതീക്ഷയ്ക്ക് മങ്ങലേൽപിച്ചത്.

നിരവധി ദേശാടനപക്ഷികളും മറ്റു ജീവജാലങ്ങളുമെത്തുന്ന കായലിനെ പ്രത്യേക പരിസ്ഥിതി പ്രാധാന്യം നൽകി സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാറും പയ്യന്നൂർ നഗരസഭയും സംയുക്തമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.

വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കി.മീ നീളത്തിലുള്ള കായലിന്റെ ജൈവിക സമ്പന്നത പ്രസിദ്ധമാണ്. കൈയേറ്റവും മറ്റും കാരണം കായൽ നശിക്കുകയും ജൈവ വൈവിദ്ധ്യങ്ങൾക്ക് കനത്ത പ്രഹരമേൽക്കുകയും ചെയ്യുന്നു. ഇതേത്തുടർന്നാണ് കവ്വായി കായൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള തടാകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്.

റംസാർ സൈറ്റ്

1971 ഫെബ്രുവരി 12ന് ഇറാനിലെ റംസാർ എന്ന പട്ടണത്തിൽ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി 18 രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിച്ചതാണ് റംസാർ കൺവെൻഷൻ.കരാറിൽ ഒപ്പുവച്ചതോടെയാണ് കൺവെൻഷൻ നിലവിൽ വന്നത്. പ്രകൃതി വിഭവങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും വീണ്ടെടുപ്പാണ് ഈ കൺവെൻഷനിലെ പ്രധാന നിർദേശങ്ങളിലൊന്ന്.

'റംസാർ സൈറ്റ്' ആക്കുന്നതിന് എല്ലാ സാദ്ധ്യതകളും കാട്ടാമ്പള്ളിക്കും കവ്വായിക്കായലിനുമുണ്ട്. കേരളത്തിലെ അപൂർവ്വ തണ്ണീർത്തടത്തിന്റെ മാതൃകയാണ് കാട്ടാമ്പള്ളിയും കവ്വായിയും.

ഡോ. ഖലീൽ ചൊവ്വ, പരിസ്ഥിതി ശാസ്ത്രജ്ഞൻ