തളിപ്പറമ്പ്: സ്ഥലംവിറ്റ് കിട്ടിയ പണവുമായി കടയിൽ സാധനം വാങ്ങാനെത്തിയ വൃദ്ധന്റെ ആറുലക്ഷം രൂപ നഷ്ടപ്പെട്ടു. വരഡൂൽ ചെക്കിയിൽ ഹൗസിൽ എൻ.സി. ബാലകൃഷ്ണന്റെ (67) പണമാണ് നഷ്ടമായത്. പണം കടലാസിൽ പൊതിഞ്ഞ് കൈവശം വച്ചതായിരുന്നു. അതുമായി മെയിൻ റോഡിൽ മൊയ്തീൻ പള്ളിക്ക് സമീപമുള്ള കടയിൽ വളം വാങ്ങാൻ എത്തി. വളം വാങ്ങുന്നതിനിടെ പണം ഒരു ചാക്കിന് മുകളിൽ വച്ചിരുന്നുവത്രെ. എന്നാൽ തിരിച്ചുപോകുമ്പോൾ ഈ കെട്ടിന് പകരം ചീര വിത്ത് അടങ്ങിയ മറ്റൊരു കെട്ടാണ് ലഭിച്ചത്. ഇതുമായി ബസ് സ്റ്റാൻഡിലേക്ക് നടന്നുനീങ്ങിയ ബാലകൃഷ്ണന് പാതിവഴിയിൽവച്ചാണ് പൊതി മാറിയകാര്യം മനസിലായത്. കടയിലേക്ക് തിരിച്ചെത്തിയെങ്കിലും പണം അവിടെ ഉണ്ടായിരുന്നില്ല. കട ഉടമയും ജീവനക്കാരും ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. കടയുടെ എതിർവശത്തുള്ള രണ്ട് കടകളിൽ നിരീക്ഷണ കാമറകളുണ്ട്. കാമറകൾ പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ലെന്നറിയുന്നു.