photo
സംരക്ഷണ ഭിത്തിയില്ലാത്ത ചതുരക്കിണർ

പഴയങ്ങാടി: മാടായിപ്പാറയിലെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കാൻ നടപടിയില്ലാതെ പലതും നാശത്തിലേക്ക്. മാടായിക്കോട്ട, ചതുരകിണർ, ജൂതക്കുളം എന്നീ ചരിത്ര സ്മാരകങ്ങൾ സംരക്ഷണമില്ലാത്തതിനാൽ കാട് കയറി നശിക്കുകയാണ്. കഴിഞ്ഞദിവസം മാടായിപ്പാറ തെക്ക് പടിഞ്ഞാറ് ഭാഗത്തെ വിള്ളലിൽ വീണ് പശു ചത്തിരുന്നു. പുല്ലുകൾ മറഞ്ഞതും വേലി ഇല്ലാത്തതുമാണ് ഈ ദുരന്തത്തിന് കാരണമായത്.

ഇതിന് സമാനമാണ് മാടായിപ്പാറയുടെ മദ്ധ്യഭാഗത്തുള്ള ചതുരക്കിണറുകളുടെ അവസ്ഥയും. ചുറ്റു മതിലോ സംരക്ഷണവേലിയോ ഇല്ലാത്തതിനാൽ ഏതു സമയവും കന്നുകാലികളോ, സഞ്ചാരികളോ കിണറിൽ വീഴാൻ സാദ്ധ്യതയേറെയാണ്. മഴക്കാലത്താണെങ്കിൽ ഇവിടെ വെള്ളം നിറഞ്ഞ് പാറയും ചതുര കിണറും മനസിലാവാത്ത അവസ്ഥയുമുണ്ട്. ചരിത്ര സ്മാരകങ്ങൾ സംരക്ഷിച്ച് നിലനിർത്തണമെന്ന പലരുടെയും ആവശ്യം ആരും മുഖവിലക്ക് എടുക്കുന്നില്ല.