മട്ടന്നൂർ: തലശേരി ഭാഗത്തു നിന്നും കനാൽ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദ്ദിഷ്ട ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട് കെ.കെ. ശൈലജ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. റോഡുമായി ബന്ധപ്പെട്ട നടപടികൾ പരാതികളില്ലാതെ പൂർത്തീകരിക്കാൻ എം.എൽ.എ നിർദ്ദേശം നൽകി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലവും സന്ദർശിച്ചു. വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന ആറു റോഡുകളിൽ ഉൾപ്പെട്ട റോഡാണിത്.
കനാലിന് സമീപത്ത് കൂടിയുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് മുമ്പ് സർവേ നടത്തിയിരുന്നു. കനാലിന്റെ ഒരു വശത്തു കൂടിയുള്ള റോഡ് വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ നിലവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും വീതി കുറവാണ്. ചെറിയ കനാൽപ്പാലം വഴി വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയുന്നില്ല. കല്ലേരിക്കരയിൽ കനാൽപ്പാലത്തിന് സമീപം അപകടങ്ങളും പതിവാണ്. 12 മീറ്ററെങ്കിലും വീതിയിൽ റോഡ് വികസിപ്പിച്ച് വിമാനത്താവളത്തിലേക്ക് ബൈപ്പാസ് റോഡായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
നഗരസഭാദ്ധ്യക്ഷ അനിതാ വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കെ.ആർ.എഫ്.ബി. എക്‌സിക്യുട്ടീവ് എൻജിനീയർ ബിന്ദു, അസി. എൻജിനീയർ കെ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് റോഡിനുള്ള സ്ഥലം പരിശോധിച്ചത്.
കുരുക്കും അഴിക്കാം
തലശേരി ഭാഗത്ത് നിന്നുമുള്ളവർക്ക് മട്ടന്നൂർ ടൗണിൽ പ്രവേശിക്കാതെ വിമാനത്താവളത്തിൽ എത്തിച്ചേരാൻ ഇതുവഴി സാധിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് വികസനം സഹായകമാകും.