kalam
പടം: കലംകനിപ്പ് മഹാനിവേദ്യത്തിനായി എരിക്കുളത്ത് നിന്ന് വിൽപ്പനക്കായി പാലക്കുന്നിലെത്തിയ പുത്തൻ മൺകലങ്ങൾ

പാലക്കുന്ന്: കൊവിഡ് നിബന്ധനകൾ കർശനമായി പാലിച്ച് പതിവ് വാദ്യഘോഷയാത്രകളോ ആഘോഷമോ ആരവമോ ഇല്ലാതെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യത്തിന് നാലിന് തുടക്കമാകും. ധനുമാസത്തിലെ ചെറിയ കലംകനിപ്പിന് ശേഷം മകരമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച കലംകനിപ്പ് മഹാനിവേദ്യം നടത്തുന്നതാണ് രീതി .

രാവിലെ 10 നകം ഭണ്ഡാരവീട്ടിൽ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്ന് കഴകപരിധിയിലെ തീയ സമുദായ വീടുകളിൽ നിന്ന് നേർച്ചയായി കലങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കും. സ്ത്രീ സാന്നിദ്ധ്യ പെരുമ കൊണ്ട് ശ്രദ്ധേയമാണ് ഈ നേർച്ചാസമർപ്പണം. വ്രതശുദ്ധിയോടെ പുത്തൻ മൺകലത്തിൽ കുത്തിയ പച്ചരി, ശർക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയിലകൊണ്ട്‌ കലത്തിന്റെ വായ മൂടികെട്ടി കുരുത്തോലയുമായി കാൽനട യാത്ര ചെയ്ത് ക്ഷേത്ര പ്രദക്ഷിണം നടത്തിയാണ്‌ കലങ്ങൾ സമർപ്പിക്കുക.ഇഷ്ടകാര്യ സിദ്ധിക്കും

രോഗവിമുക്തിക്കും വേണ്ടിയാണ് നേർച്ച സമർപ്പണം.

കലത്തിലെ വിഭവങ്ങൾ വേർതിരിച്ച് ചോറും അടയും ഉണ്ടാക്കും. ശനിയാഴ്ച രാവിലെ കലശാട്ടും കല്ലൊപ്പിക്കലും അനുബന്ധ ചടങ്ങുകളും പൂർത്തിയാക്കി നിവേദ്യകലങ്ങൾ തിരുച്ചു നൽകുന്നതോടെ കലംകനിപ്പ് മഹാനിവേദ്യത്തിന് സമാപനമാകും. ഷേത്രത്തിലെത്തുന്നവർ കൊവിഡ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

മൺപാത്ര വ്യവസായത്തിന് താങ്ങായി കലംകനിപ്പ്

പാലക്കുന്ന് : നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജില്ലയിലെ മൺപാത്ര നിർമ്മാണ കുടിൽ വ്യവസായത്തിലേർപ്പെട്ട കുടുംബങ്ങൾക്ക്‌ താൽക്കാലിക താങ്ങാണ് പാലക്കുന്ന് ക്ഷേത്രത്തിലെ ധനു, മകര മാസങ്ങളിലെ കലംകനിപ്പുത്സവം. ആയിരക്കണക്കിന് കലങ്ങളാണ് ഈ സീസണിൽ കഴക പരിധിയിലെ ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്ത് പ്രദേശങ്ങളിൽ വില്പനക്കെത്തുന്നത്. പരമ്പരാഗത മൺപാത്ര നിർമാണത്തിന് പേരുകേട്ട ജില്ലയിലെ കായക്കുളം, പൈക്ക, കീക്കാനം എന്നീ ഗ്രാമപ്രദേശങ്ങളിൽ നിന്ന് കലങ്ങൾ എത്താറുണ്ടെങ്കിലും മടിക്കൈ എരിക്കുളത്ത് നിന്നാണ് ഏറെയും കലങ്ങൾ ഇപ്പോൾ വിൽപ്പനക്കായി ഇവിടെ എത്തുന്നത്. ഈ കൊവിഡ് മഹാമാരിയിൽ ഇതേറെ ആശ്വാസമാണെന്ന് വില്പനക്കാർ പറയുന്നു. 100 മുതൽ 150 രൂപ വരെയാണ്‌ കലത്തിന്റെ വില. മറ്റു കലങ്ങളിൽ നിന്ന് വ്യത്യസ്തമായ വലിപ്പത്തിലുള്ള പണ്ടാരക്കലം ഭണ്ഡാര വീട്ടിൽ എത്തിക്കാനുള്ള പാരമ്പര്യ അവകാശികൾ കീക്കാനത്തുകാരാണ്.