ഇരിട്ടി: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകൾ കട്ടപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്നു. ആറളം ആദിവാസി മേഖലയിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആർ.ഡി.എം) സൗജന്യമായി ഏർപ്പെടുത്തിയിരുന്ന ബസുകളാണ് വർഷങ്ങളായി ആറളം ഫാമിന്റെ വർക്ക് ഷോപ്പ് പരിസരത്ത് മഴയും വെയിലും കൊണ്ട് തുരുമ്പെടുക്കുന്നത്. ഓടിക്കൊണ്ടിരുന്ന ബസുകൾ തകരാറിലായ ശേഷം ഇവ പുറത്തിറക്കാൻ നടപടി സ്വീകരിക്കാതിരുന്നതാണ് ഇത് തുരുമ്പെടുക്കാനിടയാക്കിയിരിക്കുന്നത്.
ഏക്കറുകൾ പരന്നുകിടക്കുന്ന ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിൽ പണിയെടുക്കുന്ന തൊഴിലാളികളെ തൊഴിൽ സ്ഥലങ്ങളിൽ എത്തിക്കുന്നതിന് ഈ ബസുകൾ ഉപയോഗിച്ചിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിൽ നിന്നും വളയംഞ്ചാൽ, കീഴ്പ്പള്ളി, കാക്കയങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുകയും തിരിച്ചുകൊണ്ടു പോകുകയും ചെയ്തു കൊണ്ടിരുന്ന ഈ ബസുകൾ അക്കാലക്ക് തൊഴിലാളികൾക്ക് അനുഗ്രഹമായിരുന്നു.
ബസുകൾ നന്നാക്കി ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ യാത്രയ്ക്കായി നൽകണം. നിലവിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാത്രമാണ് ഗോത്രസാരഥി പദ്ധതിയുടെ ഗുണം കിട്ടുന്നത്. കട്ടപ്പുറത്തായ ബസുകൾ നന്നാക്കി സ്‌കൂളിന് നൽകിയാൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ആനഭയം ഇല്ലാതെ സ്‌കൂളിൽ വരികയും തിരിച്ചുപോകുകയും ചെയ്യാൻ കഴിയും.
പി.ടി.എ പ്രസിഡന്റ് കെ.ബി. ഉത്തമൻ