മാഹി: മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ വൈദ്യുതി ജീവനക്കാർ സ്വകാര്യവൽക്കരണത്തിനെതിരെ നടത്തി വരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം മുഖ്യമന്ത്രി എൻ. രംഗസ്വാമിയുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയിൽ താൽക്കാലികമായി പിൻവലിച്ചു.
വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കില്ലെന്നും, ഇത് സംബന്ധിച്ച ഏത് തീരുമാനവും തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. കരിനിയമങ്ങളടക്കമുപയോഗിച്ച് സമരത്തെ നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്ന ഭരണകൂടം പുതുച്ചേരിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് ആക്ടും, നിരോധനാജ്ഞയും നിലനിൽക്കെ, വൻ ജനപിന്തുണയോടെ സമരം മുന്നോട്ട് പോകവെയാണ് സർക്കാരിന് മന:പരിവർത്തനമുണ്ടായത്. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മയ്യഴിയിലെ മുഴുവൻ രാഷട്രീയ സാമൂഹ്യ സംഘടനാ നേതൃത്വങ്ങളോടും സംയുക്ത സമരസമിതി കൺവീനർ എം.സി. ജീവാനന്ദൻ നന്ദി അറിയിച്ചു.