കണ്ണൂർ: മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിനെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചതായി പരാതി. യൂത്ത് ലീഗ് എരമം കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഫ്സൽ കുഴിക്കാടിന് നേരെയാണ് ഇന്നലെ വൈകുന്നേരം മാതമംഗലം പെട്രോൾ പമ്പിന് സമീപത്തു നിന്നും അക്രമം നടന്നത്. സി.ഐ.ടി.യു തൊഴിലാളികളാണ് അക്രമണം നടത്തിയതെന്നാണ് അഫ്സലിന്റെ പരാതി.
നോക്കുകൂലി നൽകാത്തതിന് സി.ഐ.ടി.യു വിലക്കിയ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങിയതാണ് അക്രമത്തിന് കാരണമെന്നും മുസ്ലീം ലീഗ് നേതാക്കൾ ആരോപിച്ചു.
ഇതിന് മുൻപും തനിക്ക് നേരെ ഭീഷണിയുള്ളതായി അഫ്സൽ പൊലീസിൽ അറിയിച്ചിരുന്നു. അക്രമത്തിൽ പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ അക്രമവുമായി സി.ഐ.ടി.യു വിന് ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു.