
കണ്ണൂർ: ഗുരുതര വൃക്ക രോഗികളെ റേഷൻ കാർഡ് മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് നിലനിൽക്കുമ്പോഴും പകുതിയിലധികം പേരും പുറത്ത്. വലിയ വീടുള്ളവരും ചികിത്സയ്ക്കുള്ള യാത്രാസൗകര്യത്തിന് ലോണെടുത്ത് കാറു വാങ്ങിയവരുമെല്ലാം മുൻഗണനാ പട്ടികയിൽ നിന്നും പുറത്താക്കപ്പെടുകയാണ്. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടാൽ മാത്രമെ സർക്കാരിൽ നിന്നും മറ്റുസംഘടനകളിൽ നിന്നും ഇവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. എന്നാൽ അർഹതപ്പെട്ട പലരും വീടിന്റെ വിസ്തീർണ്ണവും കാറുള്ളതുമെല്ലാം പരിഗണിച്ച് പൊതുവിഭാഗത്തിലേക്ക് തള്ളപ്പെടുകയാണ്.
ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്യാൻ പലർക്കും വലിയതുക മുടക്കി വളരെദൂരം പോകേണ്ടി വരുന്നുണ്ട്. ഈ ബുദ്ധിമുട്ടൊഴിവാക്കാൻ രോഗികളിൽ പലരും കടം വാങ്ങിയും ലോണെടുത്തുമെല്ലാമാണ് കാർ സ്വന്തമായി വാങ്ങുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഗുരുതര വൃക്ക രോഗികളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് വരുന്നത്. എന്നാൽ ഉത്തരവുമായി സമീപിക്കുമ്പോൾ ഈ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് സിവിൽ സപ്ലൈ ഒാഫീസിൽ നിന്നും ലഭിക്കുന്ന മറുപടിയെന്ന് രോഗികൾ പറഞ്ഞു.
ഡയാലിസിസ് സൗകര്യമുള്ളത് പരിയാരത്ത് മാത്രം
കൊവിഡ് ബാധിച്ച വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ മാത്രമാണ് സൗകര്യമുള്ളത്. വൃക്ക രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ പലരുടെയും ഡയാലിസിസ് പാടെ മുടങ്ങുന്ന സ്ഥിതിയാണിപ്പോൾ. സ്വകാര്യ ആശുപത്രികളിൽ പലയിടത്തും എെ.സി.യു ബെഡ് ഉൾപ്പെടെ 20,000 രൂപയാണ് ഒരു ഡയാലിസിസിന് ഈടാക്കുന്നത്. ഇത്തരത്തിൽ ഒരു മാസം 60,000 രൂപ വരെ നൽകേണ്ടതുണ്ട്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. ഒാരോ ഡയാലിസിസ് കേന്ദ്രങ്ങളിലും ഒന്നോ രണ്ടോ മെഷീനുകൾ കൊവിഡ് ബാധിച്ച വൃക്ക രോഗികൾക്ക് മാറ്റി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ പ്രഖ്യാപിച്ച വീട്ടീൽ ഡയാലിസിസ് പ്രായോഗികമല്ലെന്നും രോഗികൾ പറഞ്ഞു.
കിട്ടാനില്ല ആന്റിബോഡി കോക്ടെയിൽ
കൊവിഡ് ബാധിച്ച വൃക്ക രോഗികൾക്ക് കുത്തിവയ്ക്കേണ്ട ആന്റിബോഡി കോക്ടെയിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. അതേസമയം സ്വകാര്യാശുപത്രിയിൽ കഴുത്തറപ്പൻ വിലയ്ക്ക് ഇവ യഥേഷ്ടം ലഭ്യമാണ്. ഒരു ബോട്ടിലിന് 1,20,000 രൂപയാണ് വില. ഒരു ബോട്ടിൽ രണ്ട് ഡോസിന് ഉപയോഗിക്കാം. സർക്കാർ ആശുപത്രിയിൽ ഇവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
കണ്ണൂർ ജില്ലയിൽ
ഡയാലിസ് രോഗികൾ 2000
വൃക്ക മാറ്റിവച്ചവർ 1200
വലിയ വീടുണ്ടെന്നും കാറുണ്ടെന്നുമുള്ള കാരണത്താലാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ മടിക്കുന്നത്. സംഘടനയിലുള്ള അർഹതപ്പെട്ട 60 പേരുടെ അപേക്ഷ നിലവിൽ റദ്ദ് ചെയ്തിട്ടുണ്ട്.
സ്റ്റേറ്റ് പ്രയോറിറ്റിയെന്ന് പിറകിൽ രേഖപ്പെടുത്താൻ പോലും ഉദ്യോഗസ്ഥർ മടിക്കുന്നു. ഇങ്ങനെ രേഖപ്പെടുത്തിയാൽ വിവിധ സംഘടകളുടെയും മറ്റും ആനുകൂല്യങ്ങൾ മാത്രമാണ് ലഭിക്കുന്നത്. റേഷൻ ലഭിക്കുന്നില്ല. ഇതെല്ലാം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും.
പ്രേമരാജൻ പുന്നാട്, പ്രസിഡന്റ്, പ്രതീക്ഷ ഒാർഗൻ (കിഡ്നി) റെസീപിയെൻസ് ഫാമിലി അസോസിയേഷൻ