ana

കാട്ടാനക്കലിയിൽ ഇനിയും ജീവൻ പൊലിയരുത് എന്ന പ്രാർത്ഥനയിൽ കഴിയുമ്പോഴാണ് മലയോരത്തിന് ഒരു യുവാവിനെ കൂടി ബലികൊടുക്കേണ്ടിവന്നത്. ആറളം ഫാം ഒന്നാം ബ്ളോക്കിൽ താമസിക്കുന്ന ചെത്ത് തൊഴിലാളി മട്ടന്നൂർ സ്വദേശി റിജേഷ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആറളം ഫാമിൽ തലങ്ങും വിലങ്ങും ആനയുടെ വിളയാട്ടം പതിവാണെങ്കിലും വലിയ ആക്രമണങ്ങൾ ഇവയുടെ ഭാഗത്തു നിന്നുണ്ടാകാറില്ല. എന്നാൽ രാവിലെ തെങ്ങ് ചെത്താനായി പോകുന്നതിനിടെയാണ് റിജേഷിനെ കാട്ടാന ആക്രമിക്കുന്നത്. കുത്തേറ്റ റിജേഷ് തൽക്ഷണം മരിച്ചു. കുടുംബത്തിന്റെ ഏക അത്താണിയായ റിജേഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ മലയോരം വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നതു ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ സെപ്തംബറിൽ ജസ്റ്റിൻ തോമസ് എന്ന യുവാവിനെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയിരുന്നു. അതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് റിജേഷിനെയും കാട്ടാന കൊലപ്പെടുത്തിയത്.

ആറളം,​ ഇരിട്ടി,​ ഉളിക്കൽ,​ പയ്യാവൂർ മേഖലകൾ കാലങ്ങളായി കാട്ടാനകൾ മൂലം കടുത്ത ഭീതിയിലാണ്. പലരും കിടന്നുറങ്ങിയിട്ട് മാസങ്ങളേറെയായി . ഉറങ്ങിയാൽ തന്നെ ഒരാൾ മറ്റൊരാളിനു കാവലായി നിൽക്കണം.

കൃഷിയിടങ്ങളിലും മറ്റു ജനവാസ കേന്ദ്രങ്ങളിലും കാട്ടാനയുടെ വിളയാട്ടമുണ്ടാക്കുന്ന നാശനഷ്ടം ചെറുതൊന്നുമല്ല.

പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യം കാണാത്തതിൽ മലയോര ജനത കടുത്ത പ്രതിഷേധത്തിലാണ്. റിജേഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് തടിച്ചുകൂടിയ നൂറുകണക്കിന് നാട്ടുകാരും തൊഴിലാളികളും സംഭവസ്ഥലത്തെത്തിയ ഡി.എഫ്.ഒ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ ഉപരോധിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡനെയും തടഞ്ഞുവച്ചു. ആനയെ പ്രതിരോധിക്കുന്നതിൽ വ്യക്തമായ ഉറപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കൾ സംസാരിച്ചിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഫാമിനുള്ളിലെ മുഴുവൻ കാട്ടാനകളെയും കാട്ടിലേക്ക് തുരത്താനുള്ള സംവിധാനം ഒരുക്കാമെന്ന ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഒൻപത് വർഷം;

ചതഞ്ഞരഞ്ഞത്

11 ജീവൻ

സുഹൃത്തിനെ എയർപ്പോർട്ടിലെത്തിച്ച് മടങ്ങുമ്പോഴാണ് വിനോദൻ കാട്ടാനയുടെ മുന്നിൽപെടുന്നത്. ബൈക്ക് ഉപേക്ഷിച്ച് ഓടാൻ തുടങ്ങുന്നതിന് മുൻപ് തുമ്പിക്കൈകൊണ്ടുള്ള ആദ്യ പ്രഹരം വീണു. വേദന കിനിഞ്ഞിറങ്ങുന്ന മുറിവുകളുമായി ജീവിതം തള്ളിനീക്കുകയാണ് ഈ പ്രവാസി ഇപ്പോൾ.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ കൊമ്പനാണ് വിനോദന്റെ ജീവിതം തകർത്തതെങ്കിൽ കർണാടക വനത്തിൽ നിന്നെത്തിയ ആനയാണ് വള്ളിത്തോട് സ്വദേശി ജസ്റ്റിന്റെ പ്രാണനെടുത്തത്.

2014 ഏപ്രിലിൽ ചോമാനിയിൽ മാധവി എന്ന ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായത്. ബാലൻ, അമ്മിണി എന്നിവരും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.കൈതച്ചക്ക കൃഷിയുടെ വാച്ചറായ എടപ്പുഴ സ്വദേശി റെജി എബ്രഹാമും കാട്ടാന ആക്രമണത്തിന് ഇരയായി.
കഴിഞ്ഞ വർഷം നവംബറിൽ ആറളം ഫാമിലെ പതിനേഴുകാരൻ വിബീഷ് കടയിൽ പോയി മടങ്ങുമ്പോൾ കൊമ്പന്റെ മുന്നിൽപ്പെട്ടു. നിലവിളി പുറത്തുവരും മുൻപേ പെരുംകാല് പതിനേഴുകാരന്റെ നെഞ്ചുംകൂട് തകർത്തു. മാർച്ചിൽ ആഗസ്തിയെന്ന കർഷകനെ കാട്ടാന കൊമ്പിൽ കുരുക്കി. ഏപ്രിലിൽ ജീവൻ പൊലിഞ്ഞത് ഫാമിലെ തൊഴിലാളിയായ ദന്തപാലൻ നാരായണനാണ്.
2018 ഒക്ടോബറിൽ ആറളത്തെ കുടിലിൽ ഉറങ്ങുകയായിരുന്ന ദേവൂ കാര്യാത്തെന്ന ആദിവാസി വൃദ്ധനെ ആന ചവിട്ടിക്കൊന്നു. 2017 ഫെബ്രുവരിയിൽ ആദിവാസി മൂപ്പൻ ഗോപാലനായിരുന്നു ഇര. തുടർന്ന് കേളകത്തെ ബിജുവും ആനച്ചുവടിൽ പ്രാണൻ വെടിഞ്ഞു.

വരുമോ കോൺക്രീറ്റ് മതിൽ ?​

റിജേഷിനെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെ ആറളം ഫാമിലെയും സമീപത്തെയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകളുടെ ആക്രമണം സംബന്ധിച്ച പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി കോൺക്രീറ്റിലുള്ള ആന മതിൽ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ പ്രദേശത്തെ എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കായി സർക്കാർ അനുവദിച്ച 22 കോടി രൂപയുടെ പ്രവൃത്തി ഉടൻ ആരംഭിക്കണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും നിർദേശം നൽകി.

വനാതിർത്തിയിൽ പല സ്ഥലങ്ങളിലും ആനകളെ പ്രതിരോധിക്കാനുള്ള വേലി പ്രവർത്തനരഹിതമാണ്. ഈ പഴുതുകളിലൂടെയാണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. കാട്ടിൽ വരൾച്ചക്കാലമൊന്നും തുടങ്ങിയിട്ടില്ലെങ്കിലും നാട്ടിലെ കാർഷികവിളകളുടെ രുചിയറിഞ്ഞ ആനകൾ വീണ്ടും അവ തേടിയെത്തുകയാണ്. കർണാടക വനപാലകർ കാട്ടാനകളെ ഇങ്ങോട്ടു തുരത്തുന്നതാണ് ആനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് തിരിച്ചുവരാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.

എവിടെ ഓപ്പറേഷൻ ഗജ?​

കണ്ണൂർ,​ കാസർകോട് ജില്ലകളിലെ വന്യമൃഗ ശല്യം നേരിടാൻ കാടിറങ്ങിവരുന്ന കാട്ടാനകളെ കർണാടക വനത്തിലേക്ക് തുരത്താൻ ആവിഷ്കരിച്ച ഓപ്പറേഷൻ ഗജ പദ്ധതി ലക്ഷ്യം കാണാത്ത അവസ്ഥയിലാണ്. മറ്റ് ജില്ലകളിലെ ആനപിടുത്തത്തിൽ പ്രാവീണ്യമുള്ളവരെ ഉപയോഗിക്കുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനം. അതിർത്തിയിൽ താത്കാലിക വാച്ചർമാരെയും നിയോഗിക്കുമെന്ന പ്രഖ്യാപനവും തഥൈവ.

അതിർത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളെ ഏതാനും മാസം മുമ്പ് കാസർകോട്ട് നൂറുകണക്കിന് വനപാലകർ ചേർന്ന് കർണാടക വനത്തിലേക്ക് തുരത്തിയിരുന്നെങ്കിലും കാട്ടാനക്കൂട്ടം വീണ്ടും തിരിച്ചെത്തി. ഇതേത്തുടർന്നാണ് കണ്ണൂർ,​ കാസർകോട് ജില്ലകളിൽ ഗജ കൂടുതൽ ശക്തിപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചിരുന്നത് .

കണ്ണൂർ ജില്ലയിലെ ആറളം,​ പയ്യാവൂർ,​ ഉളിക്കൽ,​ ചന്ദനക്കാംപാറ,​ കാസർകോട് ജില്ലയിലെ ആഡൂർ ,​ചാമക്കൊച്ചി, അന്നടുക്കം മേഖലകളിലാണ് ആനകളുടെ ശല്യം കൂടുതൽ. ഓപ്പറേഷൻ ഗജ എന്ന പേരിൽ വനപാലകർ 10 ദിവസത്തോളം കഠിനപ്രയത്‌നം നടത്തിയാണ് അന്ന് ആനകളെ കർണാടക വനത്തിലേക്ക് തുരത്തിയത്. പടക്കങ്ങൾ പൊട്ടിച്ചും നാട്ടുകാരുടെ സഹായത്തോടെയുമാണ് 150 ഓളം വരുന്ന ടീം കാട്ടാനകളെ കർണാടകത്തിലേക്ക് തുരത്തിയത്.