കണ്ണൂർ: പരിമിത സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് വൈക്കം തലയോലപ്പറമ്പ് സ്വദേശി ഡി.കൃഷ്ണനാഥ പൈ കാൻസർ ബോധവത്ക്കരണപരിപാടിക്ക് തുടക്കം കുറിക്കുന്നത്.ഇന്ന് ഉത്തര മലബാറിലെ കാൻസർ രോഗികളുടെ പ്രധാന ആശ്രയ കേന്ദ്രം കൂടിയാണ് അദ്ദേഹം നേതൃത്വം നൽകുന്ന കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റി.
കണ്ണൂരിന് ഇദ്ദേഹം ഡി.കെ. പൈയാണ്. ആർക്കും ഏതും സമയവും സമീപിക്കാവുന്ന രോഗികളുടെ പച്ച തുരുത്ത്. കാൻസർ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി ഏകദേശം 3856 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ മലബാർ കാൻസർ കെയർ സൊസൈറ്റിക്ക് സാധിച്ചിട്ടുണ്ടെന്നറിയുമ്പോഴാണ് കൃഷ്ണനാഥപൈയുടെ ജീവിതദൗത്യം എത്രകണ്ട് വിജയകരമാണെന്ന് തിരിച്ചറിയുന്നത്.
ചാവശ്ശേരിയിൽ 1994 ൽ ആദ്യമായി സമഗ്ര കാൻസർ ബോധവത്ക്കരണ -പരിശോധന ക്യാമ്പ് സംഘടിപ്പിച്ചാണ് തുടക്കം.തിരുവനന്തപുരം ആർ.സി.സിയുമായി ചേർന്ന നടത്തിയ പരിപാടി മദർ തേരേസയാണ് ഉദ്ഘാടനം ചെയ്തത്.ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഗ്രാമീണ കാൻസർ നിയന്ത്രണ പരിപാടി കൂടിയായിരുന്നു അത്.പിന്നീടിങ്ങോട്ട് പ്രവർത്തനങ്ങൾ നിരവധിയാണ്.കാൻസർ ആദ്യ ഘട്ടത്തിൽ തന്നെ എങ്ങനെ കണ്ടെത്താമെന്നും അതിജീവിക്കാമെന്നുമുള്ളതിന് പ്രാധാന്യം നൽകി കൊണ്ടായിരുന്നു പ്രവർത്തനം.1,20,000 പ്രാദേശിക വളണ്ടിയർമാർക്ക് ഇതിനോടകം പരിശീലനം നൽകി. 1.25കോടി ആളുകൾ കാൻസർ പരിശോധന നടത്തി.
വർദ്ധിക്കുന്നു സ്തനാർബുദം
വായിലെ കാൻസർ ,ഗർഭാശയ ഗള കാൻസർ എന്നിവയായിരുന്നു ആദ്യകാലത്ത് കൂടുതലായുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് സ്തനാർബുദമാണെന്ന് അദ്ദേഹം പറഞ്ഞു.മാറുന്ന ജീവിത ശൈലിയും മാനസിക സമ്മർദ്ദവുമെല്ലാം ഇതിന് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ശാസ്ത്ര കോൺഗ്രസിൽ അദ്ദേഹം അവതരിപ്പിച്ച ഒരു പ്രബദ്ധത്തിന്റെ റിപ്പോർട്ട് ലോകാരോഗ്യ സംഘടന പരാമർശിക്കുകയുണ്ടായി.വളണ്ടിയർമാർക്ക് പരിശീലനം നൽകി ഗ്രാമതലത്തിൽ കാൻസർ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചാൽ കാൻസറിനെ ആദ്യ ഘട്ടത്തിൽ കണ്ടെത്തി തുരത്താമെന്നായിരുന്നു പ്രബന്ധത്തിൽ സൂചിപ്പിച്ചത്.
മലബാർ കാൻസർ കെയർ സൊസൈറ്റി
1991 ൽ രൂപീകരിച്ച മലബാർ കാൻസർ കെയർ സൊസൈറ്റി 1993 ൽ പ്രവർത്തനം ആരംഭിച്ചു. .2003 ൽ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് ഗർഭാശയ ഗള കാൻസർ നിയന്ത്രണത്തിന് തുടക്കം കുറിച്ചു. 2003 വരെയുള്ള ഇടപെടലിൽ ഗർഭാശയ ഗള കാൻസർ 80 ശതമാനം കുറച്ചു.പിന്നീട് ഡോ. അബ്ദുൾ കലാമിന്റെ സ്വപ്നപദ്ധതികളിലൊന്നായ സഞ്ചീവനി ടെലി മെഡിസിൽ പദ്ധതി നടപ്പിലാക്കി.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്തനാർബുദം ആദ്യ ഘട്ടത്തിൽ കണ്ടെത്താൻ കവിയുന്ന മാമോഗ്രാം മെഷീനുകൾ ഉൾപ്പെടെ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ സ്ഥാപിച്ചു. പി. .പുഷ്പലതയാണ് ഭാര്യ.മക്കൾ ഡോ.കെ.അഭിലാഷ് പൈ,കെ.അഞ്ജലി പൈ