നീലേശ്വരം: ദേശീയപാത വികസനത്തിനായി മാർക്കറ്റ് റോഡിലെ ഒട്ടുമിക്ക കെട്ടിടങ്ങളും പൊളിച്ചുനീക്കിയപ്പോൾ നഗരസഭയുടെ അധീനതയിലുള്ള കല്ല്യാണമണ്ഡപം കം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കാതെ നീലേശ്വരം നഗരസഭ. പഞ്ചായത്തായിരിക്കുമ്പോഴാണ് മാർക്കറ്റ് റോഡിൽ 13 സെന്റ് സ്ഥലത്ത് താഴത്തെ നിലയിൽ കച്ചവടമുറികളും മുകളിൽ കല്ല്യാണമണ്ഡപവും പണിതത്. ആദ്യമൊക്കെ ഇവിടെ വിവാഹങ്ങൾ നടന്നിരുന്നുവെങ്കിലും പുതിയ ഓഡിറ്റോറിയങ്ങൾ തുറന്നതോടെ ഇവിടെ വിവാഹങ്ങൾ നടക്കാതായി. ഭക്ഷണം പാകം ചെയ്യാനും കൂടുതൽ പേർക്കിരിക്കാൻ സൗകര്യവുമില്ലാത്തതും തിരിച്ചടിയായി. കുറച്ചു വർഷങ്ങളായി ഹൗസിംഗ് ബോർഡിന്റെ ഒരു ഓഫീസും ഒരു സഹകരണ സൊസൈറ്റിയും പ്രവർത്തിച്ചതല്ലാതെ മറ്റു കാര്യമായ വരുമാനം നഗരസഭയ്ക്ക് കിട്ടുകയുമുണ്ടായില്ല. നിലവിൽ താഴത്തെ നിലയിൽ കുറച്ച് കച്ചവടമുറികൾ മാത്രമെ പ്രവർത്തിക്കുന്നുള്ളു. മാർക്കറ്റ് റോഡിലെ മറ്റു കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കിയപ്പോൾ തർക്കത്തിന്റെ പേരിൽ കല്ല്യാണ മണ്ഡപം മാത്രം പൊളിക്കാതെ ഇവിടെ കിടക്കുകയാണ്.
വേണം 50 ലക്ഷം
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്യാണമണ്ഡപം ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർ നഗരസഭയ്ക്ക് കത്ത് നൽകിയതിനെ തുടർന്ന് നഗരസഭ ദേശീയപാത അധികൃതരോട് കെട്ടിടത്തിന്റെ വിലയായി 50 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടിരിക്കയാണ്. കെട്ടിടം ഉൾക്കൊള്ളുന്ന സ്ഥലം സർക്കാറിന്റെയും കെട്ടിടം നഗരസഭയുടേതുമാണ്. കെട്ടിടത്തിൽ നിന്ന് നല്ലൊരു തുക വാടകയിനത്തിൽ നഗരസഭയ്ക്ക് കിട്ടുന്നുണ്ട്. കെട്ടിടത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലൻ എം.എൽ.എ മുഖേന മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകിയിട്ടുമുണ്ട് നഗരസഭ.