community-hall

കാഞ്ഞങ്ങാട്: പുല്ലൂർ ഉദയനഗറിന് കൊളോപ്പാറയെന്നൊരു പേര് ഉണ്ടായിരുന്നുവെന്ന കഥ പുതു തലമുറയ്ക്ക് അറിയാൻ വഴിയില്ല. 1960 ൽ അന്നത്തെ കേരള ഗവർണർ വി വി ഗിരിയാണ് ഈ പേരിട്ടതെന്ന കാര്യവും യുവാക്കൾക്ക് അത്ഭുതമായിരിക്കും. ഇതിനൊക്കെ ഇടയാക്കിയത് ഇവിടത്തെ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനമായിരുന്നു. വിശാലമായ പാറപ്രദേശത്ത് ഹൈസ്‌കൂളും സാംസ്‌കാരിക കേന്ദ്രവുമൊക്കെ വരുന്നതായിരുന്നു ഉദയനഗറെന്ന പേരിടാൻ ഗവർണറെ പ്രേരിപ്പിച്ചത്. എന്നാൽ ഇതിന് കാരണമായ കെട്ടിടം ഇപ്പോൾ അസ്തമയഘട്ടത്തിലാണ്..
ഗ്രാമീണ നാടകങ്ങളുടെ പ്രതാപകാലത്ത് നിറഞ്ഞുനിന്ന കെട്ടിടത്തിലാണ് ഇന്ന് ആളും അനക്കവും ഇല്ലാതായത്. കെട്ടിടത്തിന്റെ മുൻഭാഗം നാടകത്തിന് സ്റ്റേജായും ഉപയോഗിച്ചിരുന്നു. 1962ൽ പുല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി ഹൈസ്‌കൂൾ കൊണ്ടുവന്നപ്പോൾ ക്ലാസ് തുടങ്ങിയതും ഇവിടെയായിരുന്നു. ഏറ്റവും ഒടുവിൽ പുല്ലൂരിൽ ഐ.ടി.ഐ അനുവദിച്ചപ്പോഴും പ്രവർത്തനം ഇവിടെയായിരുന്നു. പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ കമ്മ്യൂണിറ്റി ഹാൾ അനാഥമായി. നേരത്തെ കല്യാണ ചടങ്ങൊക്കെ ഇവിടെ നടത്തിയിരുന്നു. ഇപ്പോൾ ചുമരൊക്കെ ഇടിഞ്ഞ് വീഴാൻ തുടങ്ങി. പിന്നിലെ മേൽക്കൂരയും തകർന്ന് വീണുതുടങ്ങി.

പതിനഞ്ച് വർഷമായി സാംസ്‌കാരിക പരിപാടികളൊന്നും ഇവിടെ നടന്നിട്ടില്ല. പണ്ട് കേരളോത്സവത്തിന്റെ പരിപാടികൾ നടന്നിരുന്നത് ഇവിടെയായിരുന്നു. മാർച്ച് മാസമാകെ നാടകത്തിന്റെ ആവേശമായിരുന്നു. യു.പി സ്കൂൾ പുല്ലൂർ പാലത്തിനടുത്തായിരുന്ന കാലത്ത് ഉച്ചഭക്ഷണം ഇവിടെ നിന്നാണ് നൽകിയിരുന്നത്. കെട്ടിടത്തിന് മുന്നിൽ വോളിബാൾ കോർട്ടും ഉണ്ടായിരുന്നു. ദുരിതാശ്വാസ കേന്ദ്രത്തിനായി കെട്ടിട സമുച്ചയം വന്നപ്പോൾ അതൊക്കെ പോയി. നാടിന്റെ പൈതൃകത്തിന്റെ ഭാഗമായ ഈ കെട്ടിടം നവീകരിച്ച് സംരക്ഷിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

അഞ്ചുലക്ഷം അനുവദിച്ചു

പഞ്ചായത്ത് ഭരണസമിതിക്ക് മുന്നിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി വികസന സെമിനാറിൽ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ചുള്ള നവീകരണം ഏപ്രിലിൽ ആരംഭിക്കും. ഈ തുക മതിയാകില്ലെങ്കിൽ മറ്റ് ഫണ്ടുകൾ കൂടി അനുവദിപ്പിക്കുമെന്ന് സി.പി.എം ഏരിയാ കമ്മിറ്റിയംഗവും വാർഡ് മെമ്പറുമായ ടിവി കരിയൻ പറഞ്ഞു.

കെട്ടിടത്തിന്റെ ചുമരുകൾക്കൊന്നും കേടുപാടുകളില്ല. മഴചോർന്ന് നശിക്കാതിരിക്കാൻ നവീകരണം വേഗത്തിലുണ്ടാകും.കരിയൻ വ്യക്തമാക്കി.