ചെറുവത്തൂർ: അച്ചാംതുരുത്തി ബാലഗോകുലം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഒറ്റക്കോല മഹോത്സവത്തിനു മുന്നോടിയായി നാൾ മരം മുറിച്ചു. പുറത്തെ മാട്ടുമ്മലിലെ പി.പി സരോജിനിയുടെ വീട്ടുപറമ്പിൽ നിന്നാണ് ആചാരപ്പൊലിമയോടെ നാൾ മരം മുറിച്ചത്. ക്ഷേത്രം സ്ഥാനികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. ശിവരാത്രി ദിനത്തിലാണ് ഇവിടെ ഒറ്റക്കോലം കെട്ടിയാടുക.
നിയന്ത്രണം കുട്ടികൾക്ക്
മറ്റു ക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായ രീതിയിലാണ് അച്ചാംതുരുത്തിയിൽ ഒറ്റക്കോലവും അനുഷ്ഠാന കർമ്മങ്ങളും നടക്കുന്നത്. നോറ്റിരിക്കാനും കോലക്കാരനും കുട്ടികളായിരിക്കും. ക്ഷേത്രത്തിലെ മറ്റെല്ലാ പ്രവർത്തികൾ നിയന്ത്രിക്കുന്നതും കുട്ടികൾ. അതുകൊണ്ടു തന്നെ കുട്ടികളുടെ ഒറ്റക്കോലം എന്ന പേരിലാണ് കളിയാട്ടം അറിയപ്പെടുന്നത്.
മറ്റു ക്ഷേത്രങ്ങളിൽ കോലധാരി മലയ സമുദായക്കാരെങ്കിൽ ഇവിടെ വണ്ണാൻ സമുദായക്കാരനാണ് അതിന്റെ ചുമതല. പ്രാചീന കാലത്ത് ശിവരാത്രി നാളിൽ ഉറക്കൊഴിയുന്ന കുട്ടികൾ കൂടിച്ചേർന്ന് തമാശക്കായി വാഴപ്പോള കൊണ്ട് ഉടയാടകൾ തീർത്ത്, മുരിക്കിൻ കൊമ്പ് ഉടവാളാക്കിയും കോലം കെട്ടി, വെളിച്ചിങ്ങ കൊണ്ട് നെരിപ്പും തീർത്ത് ഒഴിഞ്ഞ ടിന്ന് ചെണ്ടയാക്കി ഒറ്റക്കോലം കെട്ടിയാടിയിരുന്നു. തുടർന്നുള്ള കാലങ്ങളിൽ മുതിർന്നവർ ഇത് വിലക്കിയെങ്കിലും ദ്വീപിൽ മഹാമാരി പടർന്ന് പിടിച്ചതോടെ നടത്തിയ പ്രശ്നചിന്തയിൽ വിലക്കിയ കുട്ടികളുടെ ഒറ്റക്കോലം വിഘ്നം കൂടാതെ കെട്ടിയാടണമെന്നാണ് ദൈവ നിശ്ചയമെന്ന ജ്യോതിഷിയുടെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. അന്നുമുതലാണ് അച്ചാംതുരുത്തിയിൽ കുട്ടികളുടെ ഒറ്റ ക്കോലം അരങ്ങേറി വരുന്നതെന്നാണ് ഐതിഹ്യം.