തലശ്ശേരി: മലബാറിന്റെ പ്രത്യേകിച്ച് തലശ്ശേരിക്കാരുടെ തനത് രുചിയേറും കല്ലുമ്മക്കായ (കടുക്ക) വിഭവങ്ങൾ ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും എന്തിന് വീടുകളിലെ അടുക്കളയിൽ നിന്നു പോലും അകലുന്നു. വാങ്ങണമെങ്കിൽതന്നെ തീവില നൽകണമെന്നതാണ് അവസ്ഥ.
ഗൾഫിലേക്കും മറ്റും പോകുന്ന മലബാറുകാർ കല്ലുമ്മക്കായ വിഭവം കൊണ്ടുപോവുന്നത് പതിവാണ്.കല്ലുമ്മക്കായ അച്ചാറെങ്കിലുമില്ലാതെ അവർ മടങ്ങില്ലെന്നതാണ് രീതി.കല്ലുമ്മക്കായ ഫ്രൈ, അരിക്കടുക്ക, വറുത്തത്, മസാലക്കറി, കല്ലുമ്മക്കായ അച്ചാർ, കല്ലുമ്മക്കായ ബിരിയാണി എന്നിങ്ങനെ പോകുന്നു തലശ്ശേരിക്കാരുടെ അടുക്കളയിലെ കല്ലുമ്മക്കായ വിഭവങ്ങൾ.
കടലിലെ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് കല്ലുമ്മക്കായകളുടെ നാശത്തിന് കാരണമായതെന്ന് പരമ്പരാഗത തൊഴിലാളികൾ പറയുന്നു. സുനാമിയും പ്രളയവുമെല്ലാം കല്ലുമ്മക്കായകളുടെ നാശത്തിന് കാരണമായ ഘടകങ്ങളാണ്. കണ്ണൂർ ജില്ലയിൽ ചേരക്കല്ല്, ചാമുണ്ഡിക്കല്ല്, , പരപ്പൻ കല്ല്, ആനാക്കുഴി, തലശ്ശേരി മേഖലയിൽ തലായി, കോടതി, കൊടുവള്ളി, ധർമ്മടം, ന്യൂ മാഹി, എടക്കാട്, ഏഴര ഭാഗങ്ങളിലാണ് കല്ലുമ്മക്കായ സമൃദ്ധമായി കണ്ടിരുന്നത് .കാസർകോട് ജില്ലയിൽ കവ്വായികായലാണ് മറ്റൊരു കേന്ദ്രം. നിലവിൽ കല്ലുമ്മക്കായ കോഴിക്കോട് ജില്ലയിലെ നന്തി , വെള്ളയിൽ മേഖലകളിൽ നിന്നും മംഗളൂരു മൽപെയിൽ നിന്നുമാണ് തലശ്ശേരിയിലേക്ക് എത്തിക്കുന്നത്. തമിഴ്നാട്ടിൽ കല്ലുമ്മക്കായയുടെ ഉപയോഗം വളരെ കുറവാണ്. കന്യാകുമാരിയിൽ നിന്ന് ഒരു കിലോവിന് 350 മുതൽ മേലോട്ടാണ് വില .എണ്ണി വാങ്ങുന്നതാണെങ്കിൽ 100 കല്ലുമ്മക്കായക്ക് 1000 രൂപയാകും . നൂറ് വലിയ കല്ലുമ്മക്കായ മൂന്ന് കിലോവിലധികം തൂക്കം വരും.
നേരത്തെ എതു സീസണിലും തലശ്ശേരി മത്സ്യ മാർക്കറ്റിനടുത്ത് റോഡിനിരുവശവും പ്രോല പേട്ട, ധർമ്മടം പാലം, ന്യൂ മാഹി ഭാഗങ്ങളിൽ കല്ലുമ്മക്കായ വിൽപനക്കാരുടെ നീണ്ട നിര കാണാമായിരുന്നു. വാങ്ങാനെത്തുന്നവരുടെ തിരക്കും പതിവുകാഴ്ചയായിരുന്നു. ലഭ്യത കുറഞ്ഞതോടെ 'കയറിന്മേൽ കല്ലുമ്മക്കായ ' കൃഷിയും വ്യാപകമായിട്ടുണ്ട്. എന്നാലിവയ്ക്ക് കടൽപ്പാറയിലെ കല്ലുമ്മക്കായയുടെ രുചിയുണ്ടാവില്ല. പാരമ്പര്യമായി ഈ മേഖലയിൽ ജോലി ചെയ്തു വരുന്ന നൂറു കണക്കിന് തൊഴിലാളികളാണ് ഇപ്പോൾ തൊഴിൽ രഹിതരായി മാറിയിട്ടുള്ളത്.