
കണ്ണൂർ: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടിക വിഭാഗം വനം വകുപ്പ് മന്ത്രിമാർ 7ന് ആറളം ഫാം സന്ദർശിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണനും എ.കെ ശശീന്ദ്രനും ചേർന്ന് തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് സ്ഥലം സന്ദർശിക്കാൻ തീരുമാനമായത്.
ഇവർ 7 ന് രാവിലെ ആറളം ഫാമിലെത്തും. ഇവിടെ വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന് വനം, പൊതുമരാമത്ത്, പട്ടിക വർഗ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയുടെ യോഗം മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചേരും.
വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് മതിൽ, സൗരോർജ വേലി തുടങ്ങി വിവിധ മാർഗങ്ങളുടെ പ്രായോഗികത തിരുവനന്തപുരത്ത് ചേർന്ന യോഗം ചർച്ച ചെയ്തു. തുടർന്നാണ് സ്ഥലം സന്ദർശിച്ച് അന്തിമ തീരുമാനമെടുക്കാൻ ധാരണയായത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ വ്യക്തമാക്കി. നിരവധി മനുഷ്യ ജീവനുകൾ ഇതിനകം പൊലിഞ്ഞു. മനുഷ്യ ജീവനും കൃഷിയും സംരക്ഷിക്കാനുതകുന്ന പദ്ധതികൾ ആലോചിക്കണമെന്നും രാധാകൃഷ്ണൻ നിർദേശിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് , പട്ടിക വിഭാഗ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടിക വർഗ വകുപ്പ് ഡയറക്ടർ ടി വി അനുപമ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.