
കേന്ദ്രവും കേരളവും നിലപാട് മാറ്റണമെന്ന് ദയാഭായി
കാസർകോട്: എയിംസ് വിഷയത്തിൽ കേരളം കേന്ദ്രത്തിന് നൽകിയ പ്രൊപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കുമെന്ന് പരിസ്ഥിതി പ്രവർത്തക ദയാബായിയും ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം ഏഴിന് സമര ഐക്യദാർഢ്യ ദിനമായി ആചരിക്കും. ജില്ലയിലെ 300 കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
വിദ്യാർത്ഥി, യുവജന, തൊഴിലാളി സംഘടനകളുടേയും വിവിധ കൂട്ടായ്മകളുടേയും നേതൃത്വത്തിലായിരിക്കും സമരം. ഇതുസംബന്ധിച്ചുള്ള പ്രചാരണത്തിന് ഇന്നും നാളെയും ദയാബായി ജില്ലയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കും. എയിംസ് കാസർകോട് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 22 ദിവസം പിന്നിടുകയാണ്. നിരവധി സംഘടനകൾ സമരത്തിന് പിന്തുണയുമായി പന്തലിലെത്തത്തി. 2014 ൽ കേരളം കേന്ദ്രത്തിന് സമർപ്പിച്ച പ്രപ്പോസലിൽ കോട്ടയം , തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളാണുള്ളത്. ഇതേ തുടർന്ന് 2017 ൽ കാസർകോടിന്റെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത്. ജനപ്രതിനിധികളും സർക്കാരും ഇനിയും ഒളിച്ചുകളി അവസാനിപ്പിച്ച് കാസർകോട് ജനതയുടെ ഒപ്പം നിൽക്കണം. 2014 ൽ അഞ്ച് എം.എൽ.എ മാരും എം.പിയും എയിംസ് പ്രപ്പോസലിൽ കാസർകോടിനെ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാലിന്ന് എം.എൽ.എ മാരിൽ പലരും ഇതിന് തയ്യാറാകുന്നില്ല. ഈ നിലപാട് ജനങ്ങൾക്ക് വേണ്ടി മാറ്റണം. കാൽ നൂറ്റാണ്ടുകാലം വിഷമഴ പെയ്തിറങ്ങിയ ഭൂമിയിൽ എയിംസ് സ്ഥാപിച്ചുകിട്ടാൻ കക്ഷിരാഷ്ട്രീയം മറന്ന് ജില്ലയിലെ ജനങ്ങൾ ഒന്നിച്ചു നിൽക്കണം. കേരളം പ്രപ്പോസലിൽ ഉൾപ്പെടുത്തിയിട്ടും കാസർകോടിന് കേന്ദ്ര സർക്കാർ എയിംസ് അനുവദിച്ചില്ലെങ്കിൽ സമരം ഡൽഹിയിലേക്ക് മാറ്റും. കേന്ദ്രവും കേരളവും പഴയ നിലപാട് പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നും ഭാരവാഹികൾ പറഞ്ഞു. ദയാബായി, കോ ഓർഡിനേറ്റർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം, വൈസ് ചെയർമാൻ ഗണേഷ് അരമങ്ങാനം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, വർക്കിംഗ് ചെയർമാൻ നാസർ ചെർക്കളം, ഷരീഫ് മുഗു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.