തളിപ്പറമ്പ്: വളം കടയിൽ വച്ച് കാണാതായ ആറ് ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ തളിപ്പറമ്പ് കോടതി റോഡിന് സമീപം കണ്ടെത്തിയ പൊതി തുറന്നുനോക്കിയപ്പോഴാണ് പണം കണ്ടെത്തിയത്. കോടതിക്ക് സമീപം തട്ടുകട നടത്തുന്ന കരുണാകരൻ രാവിലെ ഏഴരക്ക് നടന്നുവരുമ്പോൾ തന്റെ കടയ്ക്ക് കുറച്ച് ദൂരെ മാറി കണ്ട പൊതി കടയിൽ ചായകുടിക്കാനെത്തിയ മുയ്യത്തെ എം.ടി. ബാലൻ എന്നയാളെയും കൂട്ടി പരിശോധിക്കുകയായിരുന്നു.
പണമാണെന്ന് മനസിലായതോടെ ഇരുവരും ചേർന്ന് പൊതി പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കി.
വരഡൂൽ ചെക്കിയിൽ ഹൗസിൽ സി. ബാലകൃഷ്ണന്റെ (67) പണമാണ് മെയിൻ റോഡിലെ കടയിൽ വച്ച് ചൊവ്വാഴ്ച ഉച്ചയോടെ നഷ്ടമായത്. ബാലകൃഷ്ണന്റെ പേരിലുള്ള 27 സെന്റ് സ്ഥലം വിൽപ്പന നടത്തിയതിന് ലഭിച്ച ആറുലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി. കടയുടെ സമീപത്തുള്ള സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തുന്നതിനിടയിലാണ് പണം ഉപേക്ഷിച്ച നിലയിൽ കണ്ടത്. 500 രൂപയുടെ 10 കെട്ട് മാത്രമാണ് കണ്ടെത്തിയത്. പണം മോഷ്ടിച്ചയാൾ ഒരു ലക്ഷം രൂപ എടുത്ത് അഞ്ച് ലക്ഷം ഉപേക്ഷിച്ചതിലെ പൊരുത്തക്കേട് പൊലീസ് അന്വേഷിക്കുകയാണ്. തളിപ്പറമ്പ് ഇൻസ്‌പെക്ടർ എ.വി. ദിനേശൻ, എസ്.ഐ പി.സി.സഞ്ജയ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബാലന്റെയും കരുണാകരന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.