photo
മാട്ടൂൽ അഴീക്കലിലെ താത്കാലിക ബോട്ട് ജെട്ടി

പഴയങ്ങാടി: നിർമ്മാണത്തിൽ ഇരിക്കുന്ന മാട്ടൂൽ -അഴീക്കൽ ബോട്ട് ജെട്ടിയുടെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയായില്ല. താത്കാലികമായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ബോട്ട് കടവിൽ ബോട്ട് പൂർണമായും കരക്ക്‌ അടുപ്പിച്ചു നിറുത്താൻ കഴിയാത്തത് കൊണ്ട് യാത്രക്കാർക്ക് പ്രത്യേകിച്ച് പ്രായമുള്ളവർക്കും ശാരീരിക അവശത അനുഭവിക്കുന്നവർക്കും കയറാനും ഇറങ്ങാനും വളരെ ബുദ്ധിമുട്ടു അനുഭവപ്പെടുന്നു.

ജെട്ടി എപ്പോൾ നിർമ്മാണം പൂർത്തിയാവും എന്ന് അധികൃതരിൽ നിന്ന് ഒരു അറിയിപ്പും ലഭിക്കാത്തത് കൊണ്ട് ജീവൻ പണയം വെച്ചാണ് ഇതിലൂടെ യാത്ര ചെയ്യേണ്ടിവരുന്നത്. കണ്ണൂരിലേക്കുള്ള യാത്രാ സമയം ലാഭിക്കാമെന്നതിനാൽ നിരവധി പേർ ഈ വഴി തിരഞ്ഞെടുക്കുന്നു. അതുകൊണ്ട് തന്നെ മാട്ടൂൽ മടക്കര പാലം യാഥാർത്ഥ്യമായിട്ടും ഇതിലൂടെയുള്ള യാത്രക്കാർക്ക് ഒരു കുറവും വന്നിട്ടില്ല. ഉടനെ ജെട്ടി നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.