kulam

തൃക്കരിപ്പൂർ: രണ്ട് ഏക്കറോളം വിസ്തീർണ്ണമുള്ള കാപ്പിലെ ശുദ്ധജല തടാകം അനാഥാസ്ഥയിൽ. ചുറ്റുപാടും പുല്ലും വള്ളിപ്പടർപ്പുകളും കയറി ജനസഞ്ചാരയോഗ്യമല്ലാതായതോടെ സാമൂഹികദ്രോഹികൾ കൈയടക്കിയിരിക്കയാണ് പ്രദേശം.

തൃക്കരിപ്പൂർ - പടന്ന പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന നടക്കാവിലാണ് കടുത്ത വേനൽകാലത്തും ജലസമൃദ്ധമായ ഈ ശുദ്ധജല തടാകം. പടന്ന പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഏക്കർ കണക്കിന് പുറംപോക്ക് ഭൂമി കൂടി ഉൾപ്പെടുന്നതാണ് ഈ കുളവും സമീപപ്രദേശവും. ഈ ഭൂമിയും കുളത്തിന്റെ നാലു ഭാഗവും ഉപയോഗിച്ചൊരു കുട്ടികളുടെ പാർക്ക് രൂപപ്പെടുത്താവുന്നതാണ്. അക്കേഷ്യമരങ്ങളുടെ തണലൊരുക്കിയ കുളത്തിന് ചുറ്റുമായി ടൈൽസിട്ട് വൃത്തിയായ നടപ്പാതയും വിശ്രമിക്കാനായി ബെഞ്ചുകളും സ്ഥാപിച്ചാൽ പ്രദേശത്തെ ആഭ്യന്തര ടൂറിസ്റ്റു കേന്ദ്രമാക്കിയും മാറ്റാം.

കുടിവെള്ള സംഭരണി

പടന്ന - തൃക്കരിപ്പൂർ പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖലകളായ ആയിറ്റി, മണിയനൊടി, എടച്ചാക്കൈ തുടങ്ങിയ പ്രദേശങ്ങൾ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. കാപ്പിലെ കുളത്തിലെ ജലസമ്പത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് വിതരണം ചെയ്യാനുള്ള ചില നടപടികൾ മുൻ എം.എൽ.എ കെ. കുഞ്ഞിരാമന്റെ കാലത്ത് നടന്നിരുന്നുവെങ്കിലും 200 മീറ്ററോളം പടിഞ്ഞാറു മാറിയുള്ള റെയിൽവെ ട്രാക്ക് ക്രോസ് ചെയ്ത് പൈപ്പിടാനുള്ള സാങ്കേതിക തടസ്സം വിലങ്ങുതടിയാകുകയായിരുന്നു. സാങ്കേതിക തടസ്സം നീക്കിയാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും.

മത്സ്യം വളർത്തു കേന്ദ്രം

പണ്ടുകാലത്ത് സമ്പന്നമായ മത്സ്യസമ്പത്തിന്റെ ഉറവിടമായിരുന്നു കാപ്പ് കുളം. ഈയടുത്തകാലത്ത്

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യം വളർത്തു കേന്ദ്രമായി വികസിപ്പിക്കാൻ ചില ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും തുടർ പ്രവർത്തനമില്ലാതായതോടെ പദ്ധതി പാളി. ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്

നല്ലൊരു മത്സ്യം വളർത്തു കേന്ദ്രമാക്കി കുളത്തെ വികസിപ്പിക്കാനും ശ്രമിക്കാവുന്നതാണ്.

നീന്തൽകുളമാക്കാം

നീന്തൽകുളമായി വികസിപ്പിച്ച് നീന്തൽ പരിശീലനത്തിനുള്ള സൗകര്യമൊരുക്കാൻ അക്വാറ്റിക് അസോസിയേഷനോ അധികൃതരോ മുൻ കൈയെടുക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

പടന്ന പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് കാപ്പ് കുളം സ്ഥിതി ചെയ്യുന്നത്. അടിസ്ഥാന വികസനം ഉറപ്പിച്ചാൽ ഒരു ചെറു വിനോദ കേന്ദ്രമായി പ്രദേശം മാറ്റാൻ കഴിയുമെന് ഉറപ്പാണ്. നടപ്പാതയും, ഊഞ്ഞാലും, കുട്ടികളുടെ പാർക്കും ഒരുക്കണം. ഒൻപതാം വാർഡ് ഗ്രാമസഭ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി പഞ്ചായത്തിന് നൽകിയിട്ടുണ്ട്.

പി.പി. കുഞ്ഞികൃഷ്ണൻ, ഒൻപതാം വാർഡു മെമ്പർ