കണ്ണൂർ: പൊലീസ് സേനാംഗങ്ങൾ ജോലിഭാരവും മാനസികസമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നതു ഒഴിവാക്കാനും കാർക്കശ്യത്തിനു പകരം മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനുമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായരുടെ ചെറുചുവടുവയ്പ്പ്. മേലുദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി മനുഷ്യത്വത്തോടെ പെരുമാറണമെന്നും വ്യക്തിപരമായ വിശേഷദിനങ്ങളിൽ അവധി നൽകുന്നതിന് മടികാണിക്കരുതെന്നുമാണ് ഡി.ഐ.ജി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
പൊലീസുകാരുടെ വിവാഹവാർഷികം, ജന്മദിനം, കുടുംബാംഗങ്ങളുടെ വ്യക്തിപരമായ വിശേഷദിനങ്ങൾ, ബന്ധുക്കളുടെ വിവാഹം, ഗൃഹപ്രവേശനം പോലുള്ള ചടങ്ങുകളിൽ അവർക്കു പങ്കെടുക്കാൻ ഒഴിച്ചുകൂടാൻ പറ്റാത്ത ക്രമസമാധാനപാലന കർത്തവ്യമില്ലെങ്കിൽ അവധി അനുവദിക്കണമെന്നും കഴിഞ്ഞ രണ്ടിന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഓരോ സ്‌റ്റേഷനിലെയും പൊലീസുകാരുടെ ഇത്തരം വിശേഷദിവസങ്ങളുടെ ഒരു രജിസ്റ്റർ അതത് സ്‌റ്റേഷൻ ചുമതലയുള്ള സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ തയ്യാറാക്കണം. ചോദിക്കാതെ തന്നെ ഇത്തരം ദിവസങ്ങളിൽ ബന്ധപ്പെട്ട വ്യക്തിക്ക് അവധി നൽകാൻ മേലുദ്യോഗസ്ഥൻ സന്നദ്ധനാകണം. ഇതുകൂടാതെ മയക്കുമരുന്ന്, മോഷണം, ഗുണ്ടാ ആക്രമണം എന്നീ കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യൽ, അപകടത്തിൽപ്പെട്ടവരുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കൽ തുടങ്ങി
മികച്ചസേവനംനടത്തുന്ന ഉദ്യോഗസ്ഥരെ അതതു സമയത്തു തന്നെ താമസം കൂടാതെ രേഖാമൂലം അഭിനന്ദിക്കണമെന്നും ഇവർക്ക് ഉചിതമായ പ്രതിഫലം അപ്പോൾ തന്നെ നൽകണമെന്നും നിർദ്ദേശമുണ്ട്. പൊലീസുകാർക്കോ ബന്ധുക്കൾക്കോ വൈദ്യസഹായം വേണമെങ്കിൽ മേലുദ്യോഗസ്ഥർ വേണ്ട സഹായങ്ങൾ ഉടൻ ചെയ്യേണ്ടതാണ്. അർഹിക്കുന്ന പരിഗണന നൽകേണ്ട സഹായാഭ്യർത്ഥനകൾ പൊലീസ് വെൽഫെയർ ബ്യൂറോ, പി.എച്ച്.ക്യൂ തിരുവനന്തപുരത്തേക്ക് കാലതാമസം കൂടാതെ അയച്ചു നൽകേണ്ടതാണ്. വെൽഫെയർ ഫണ്ടിന്റെ പരിധികഴിഞ്ഞുള്ള അപേക്ഷകളുണ്ടെങ്കിൽ കോഡ്രീകരിച്ചു ജില്ലാ പൊലീസ് മേധാവിക്ക്‌ സമർപ്പിക്കണം. സർക്കുലറിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാർച്ച് ഒന്നിന് രാവിലെ 11മണിക്ക് അവലോകന യോഗവും ചേരുന്നുണ്ട്.