കൂത്തുപറമ്പ്: അനധികൃതമായി മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് കരസ്ഥമാക്കിയ കാർഡ് ഉടമകൾക്കെതിരെ നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ്. തലശേരി താലൂക്ക് സിവിൽ സപ്ലൈസ് പ്രത്യേക സ്ക്വാഡ് മാനന്തേരി വണ്ണാത്തിമൂല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 26 വീടുകളിൽ പരിശോധന നടത്തിയതിൽ നിന്നും അനർഹരായ 14 കാർഡുടമകൾക്കെതിരെ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം പാനൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 28 ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

അനർഹരായി നീല നിറത്തിലുള്ള കാർഡ് കൈവശമുള്ളവർ കാർഡുകൾ തിരിച്ചേൽപ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറണമെന്ന സർക്കാർ അറിയിപ്പുകൾ പാലിക്കാതെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതാണ് നടപടിക്ക് കാരണമായിട്ടുള്ളത്.

അനധികൃതമായി കണ്ടെത്തിയ കാർഡ് ഉടമകൾക്കെതിരെ ഇതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കും. തലശേരി താലൂക്ക് അസി: സപ്ലൈ ഓഫീസർ വി.കെ. ചന്ദ്രൻ, റേഷൻ ഇൻസ്പെക്ടർമാരായ എം.പി സുനിൽകുമാർ, യു. ഷാബു, വി. രാജീവൻ, കെ. രജീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പെരുവ ആദിവാസി കോളനിയിലെ റേഷൻ കാർഡില്ലാത്തവരെ കണ്ടെത്താനുള്ള പരിശോധനയും നടക്കുന്നുണ്ട്.

ആരാണ് അനർഹർ?

സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ

സഹകരണ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ

1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണ്ണമുള്ള വീടുകൾ ഉള്ളവർ

നാലുചക്ര വാഹനമുള്ളവർ

വരും ദിവസങ്ങളിലും പരിശോധന തുടരും.

തലശേരി താലൂക്ക് അസി: സപ്ലൈ ഓഫീസർ വി.കെ. ചന്ദ്രൻ