മാതമംഗലം: മാതമംഗലത്ത് മുസ്ലീം ലീഗ് പ്രവർത്തകർക്ക് വീണ്ടും മർദ്ദനമേറ്റു. പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന മുസ്ലിം ലീഗ് പ്രവർത്തകരെയാണ് സി.ഐ.ടി.യു പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം മർദ്ദിച്ചത്. പരിയാരം ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെയുള്ള മൂന്ന് പേർക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ബുധനാഴ്ച യൂത്ത് ലീഗ് എരമം -കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ കുഴിക്കാടിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം ലീഗ് പ്രവർത്തകർ മാതമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽപങ്കെടുത്തു മടങ്ങുകയായിരുന്ന പരിയാരം ഗ്രാമപഞ്ചായത്തംഗവും പരിയാരം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി പ്രസിഡന്റുമായ പി.വി അബ്ദുൽ ഷുക്കൂർ(58), യു.ഡി. എഫ് ഏഴോം പഞ്ചായത്ത് കൺവീനർ അലികാടത്തറ (56), യൂത്ത് ലീഗ് എരമം കുറ്റൂർ പഞ്ചായത്ത് ട്രഷറർ അനീഷ് മാതമംഗലം (25) എന്നിവരെയാണ് മർദ്ദിച്ചത്. മർദ്ദനമേറ്റവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് പ്രകടനത്തിനിടെ നുഴഞ്ഞുകയറിയ സി.ഐ.ടി.യുക്കാർ പ്രകോപനമുണ്ടാക്കാനും പരിപാടി അലങ്കോലമാക്കാനും ശ്രമിച്ചിരുന്നതായി നേതാക്കൾ ആരോപിച്ചു. പയ്യന്നൂർ ഡിവൈ.എസ്.പി ഇ.കെ പ്രേമചന്ദ്രന്റെയും പെരിങ്ങോം സ്‌റ്റേഷൻ ഹൗസ് ഓഫീസർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ വൻപൊലീസ് സംഘം നോക്കിനിൽക്കവെയാണ് സി.ഐ.ടി.യുക്കാർ അക്രമമഴിച്ചുവിട്ടതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.