skpm
വിദ്യാഗീതം റേഡിയോയുടെ പ്രവർത്തകർ

ശ്രീകണ്ഠപുരം:വൈവിദ്ധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ സമ്മാനിച്ച് അമ്പതാം എപ്പിസോഡിലേക്ക് കടക്കുന്ന ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ വിദ്യാഗീതം റേഡിയോ സൂപ്പർ ഹിറ്റിലേക്ക്. 2015ൽ ഉച്ചഭക്ഷണ ഇടവേളകളെ ആഹ്ലാദപൂർണ്ണമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിലെ ഉച്ചഭാഷിണി സൗകര്യമുപയോഗിച്ച് ക്ലാസ് മുറികളിൽ തുടങ്ങിയ സംപ്രേഷണമാണ് ശ്രദ്ധപിടിച്ചുപറ്റിയത്.
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുറമേ രക്ഷിതാക്കളും നാട്ടുകാരും കൂടി റേഡിയോ ശ്രോതാക്കളാണ് ഇവിടെ. കൊവിഡ് വ്യാപനം പ്രക്ഷേപണത്തിന് കരിനിഴൽ വീഴ്ത്തുമെന്ന ആശങ്കയെ വകഞ്ഞുമാറ്റി സ്‌കൂൾ റേഡിയോ അതിവേഗം ഓൺലൈൻ പ്രക്ഷേപണത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ റേഡിയോക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു.
പൊതുവാർത്തകൾ ,കലാപരിപാടികൾ, വിജ്ഞാനമുത്തുകൾ, പ്രഭാഷണങ്ങൾ, വിദ്യാലയ വാർത്തകൾ, അറിയിപ്പുകൾ, ദിനാചരണങ്ങൾ തുടങ്ങിയവയെല്ലാം സംപേക്ഷണം ചെയ്യുന്നുണ്ട്.
കുട്ടികളുടെ ആത്മവിശ്വാസവും, നേതൃപാടവവും വളർത്താനുള്ള ഉത്തമോപാധിയാണ് വിദ്യാഗീതം സ്‌കൂൾ റേഡിയോ ഇപ്പോൾ. സർഗ ശേഷിയും കലാമികവും ഉള്ളവർക്ക് അത് പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായും ഇത് മാറി. മഹദ് വ്യക്തികളുടെ സ്മൃതി ദിനങ്ങൾ, ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ , അത്യപൂർവമായ നാടൻ കലകളുടെ പരിചയം, വാർത്തകൾ തയ്യാറാക്കലും അവതരിപ്പിക്കലും തുടങ്ങി ഒട്ടനവധി പഠനാനുഭവങ്ങളിലൂടെയാണ് ഇവിടെ കുട്ടികൾ കടന്നുപോകുന്നത്. പിരിഞ്ഞുപോയ കുട്ടികളുടെ മനസിൽ വിദ്യാഗീതം സ്‌കൂൾ റേഡിയോ ഗൃഹാതുരതയാണ്.

വിദ്യാർത്ഥികൾക്ക് മികച്ച അവസരം
.അദ്ധ്യാപകരായ എൻ.സി.നമിത,എം.കെ. രാജീവ് , നവാസ് മന്നൻ , പി.വി.മനോജ് എന്നിവരാണ് കുട്ടികളെ മുന്നോട്ടുനയിക്കുന്നത്. ഹെഡ് മാസ്റ്റർ പി.പി.സണ്ണിയും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പരിപൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.പ്രക്ഷേപണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഗൂഗിൾ മീറ്റിലൂടെയായിരുന്നു. ആകാശവാണി കോഴിക്കോട് നിലയം അനൗൺസർ ആർ.കനകാംബരൻ മുഖ്യാതിഥി ആയിരുന്നു.

അതിഥികളായി പി.പി.ശ്രീധരനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ , മാധവൻ പുറച്ചേരി, കെ.എ.ബീന, ഡോക്ടർ എസ് ശാന്തി, ഡോക്ടർ സുരേഷ് കുമാർ (ഡയറക്ടർ : പാലിയേറ്റീവ് മാതൃകാ കേന്ദ്രം, ലോകാരോഗ്യ സംഘടന), സിനിമാ നടന്മാരായ സന്തോഷ് കീഴാറ്റൂർ, ഇർഷാദ് അലി, കേരള സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് , ആനന്ദൻ പൊക്കുടൻ , ബാലകൃഷ്ണൻ കൊയ്യാൽ, സാഹിത്യകാരൻമാരായ കെ.ടി. ബാബുരാജ്, വി.എച്ച്.നിഷാദ് , വി.എസ്.അനിൽകുമാർ , സാമൂഹ്യ പ്രവർത്തക ദയാഭായ്, അദ്ധ്യാപകരായ ഡോക്. ഖലീൽ ചൊവ്വ, പ്രശാന്ത് കൈതപ്രം തുടങ്ങി ഒട്ടനവധി പ്രമുഖർ ഇതിനകം പങ്കെടുത്തിട്ടുണ്ട്.


അടച്ചിടൽ കാലത്തെ വിദ്യാഭ്യാസ പരിപാടികളിൽ വിദ്യാഗീതം വിദ്യാലയാനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലായി. ഉച്ചാരണത്തിലെ കൃത്യതയും സ്ഫുടതയും ശ്രവിച്ചവരെല്ലാം ഉൾക്കൊണ്ടുവെന്നതും ഭാഷാപ്രയോഗത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി എന്നതും ശ്രദ്ധേയമായ നേട്ടങ്ങളാണ്-

പി.പി. സണ്ണി,​പ്രധാനാദ്ധ്യാപകൻ