കണ്ണൂർ: സോഫ്റ്റ് വെയർ തകരാറിൽ കുടുങ്ങി പെർഫോമൻസ് അലവൻസ് മുടങ്ങി അങ്കണവാടി ജീവനക്കാർ. പ്രവർത്തനവിവരങ്ങൾ രേഖപ്പെടുത്താൻ വർക്കർമാർക്ക് അനുവദിച്ച കോമൺ അപ്ലിക്കേഷൻ സോഫ്റ്റ് വെയർ (കാസ്) പണിമുടക്കുന്നതോടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിയാതെ വരികയാണെന്ന് ജീവനക്കാർ പറഞ്ഞു. ഇതോടെ മാസത്തിൽ ലഭിക്കേണ്ട പെർഫോമൻസ് അലവൻസാണ് നിലച്ചത്.
2019ൽ ആണ് ഇവർക്ക് പ്രത്യേക പരിശീലനവും ഫോണും നൽകിയത്. സോഫ്റ്റ് വെയർ പണിമുടക്കുന്നത് അധികൃതരെ അറിയിച്ചിട്ടും ഇതുവരെ പരിഹാരമുണ്ടായില്ലെന്ന് ജീവനക്കാർ ആരോപിച്ചു. ദിവസവും 11 രജിസ്റ്ററുകളിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ കാസ് ഫോണിൽ അപ്പ്‌ലോഡ് ചെയ്യാൻ സാധിക്കാത്തതാണ് പ്രധാന പ്രശ്നം. അങ്കണവാടി പരിധിയിൽ വരുന്ന കുടുംബ വിവര രജിസ്റ്റർ, പ്രതിദിന ഭക്ഷണ രജിസ്റ്റർ, ഭവന സന്ദർശന രജിസ്റ്റർ, പ്രതിരോധ കുത്തിവെയ്പ് രജിസ്റ്റർ തുടങ്ങി 11 രജിസ്റ്ററുകളാണ് അങ്കണവാടികളിൽ എഴുതി സൂക്ഷിക്കേണ്ടത്. ഇതിനൊപ്പം കാസ് ഫോണിലും ഈ വിവരങ്ങൾ അപ്പ് ലോഡ് ചെയ്യേണ്ടതുണ്ട്. ഐ.സി.ഡി.എസ് ഓഫീസുകളിലെ നാഷണൽ ന്യൂട്രീഷ്യൻ മിഷൻ കോ-ഓർഡിനേറ്റർമാർക്കാണ് രജിസ്റ്റർ വിവരങ്ങൾ നൽകേണ്ടത്. തുടക്കത്തിൽ കോം കെയർ എൽ.ടി.എസ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് രജിസ്റ്റർ വിവരങ്ങൾ ഫോൺ വഴി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ സോഫ്റ്റ് വെയർ മാറി പോഷൻ ട്രാക്കറിലാണ് ചെയ്യേണ്ടത്. ഇത് കൂടുതൽ പ്രയാസമുണ്ടാക്കി.
നൽകിയ ഫോണുകൾക്ക് തീരെ ഗുണനിലവാരമില്ലെന്നും ഇവർ പറഞ്ഞു. സെർവർ ഡൗൺ ആകുന്നതോടെ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കാതെ വരുന്നു.
ക്ഷേമനിധി പെൻഷൻ കിട്ടാനില്ല
അങ്കണവാടി ജിവനക്കാരുടെ ക്ഷേമനിധി പെൻഷൻ പലർക്കും പത്ത് മാസത്തിലേറെയായി മുടങ്ങി കിടക്കുകയാണ്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ ജീവനക്കാർ ക്ഷേമനിധിയിലേക്ക് അംശാദായമായി 500, 250 എന്നിങ്ങനെ വലിയതുക വർഷത്തിൽ അടക്കുന്നുണ്ട്. എന്നാൽ സർവീസിൽ നിന്നും വിരമിച്ച ശേഷം യാതൊന്നും ഇവർക്ക് ലഭിക്കുന്നില്ല. ഇതിനിടെ ക്ഷേമനിധി തുക സർക്കാർ വെട്ടികുറക്കുകയും ചെയ്തു. അങ്കണവാടി ജീവനക്കാർക്ക് ഒരു ലക്ഷം വരുമാന പരിധി നിശ്ചയിച്ചതോടെ അർഹതപ്പെട്ട മറ്റ് ആനുകൂല്യങ്ങളും തഴയപ്പെട്ടു.
കുടിശ്ശികയായ പെർഫോമൻസ് അലവൻസ് മാർച്ചിന് മുമ്പ് നൽകുക, നിലവിലെ ഫോൺ മാറ്റി നൽകുക, ക്ഷേമപെൻഷൻ വേഗത്തിൽ നൽകുക തുടങ്ങിയവയാണ് ആവശ്യം. നടപടിയില്ലെങ്കിൽ സമരപരിപാടികളുമായി മുമ്പോട്ട് പോകും.
എ. വിജയൻ, ജില്ലാ പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി)