കണ്ണൂർ:ട്വന്റി 20 ലോകകിരീടം നേടിയ ഒാസ്ട്രേലിയൻ താരങ്ങളുടെ ചിത്രം തൽസമയം 11 ഷീറ്റുകളിൽ വരച്ച ആറുവയസുകാരൻ ആൽവിൻ ഇന്ത്യ ബുക്ക് ഒഫ് റെക്കോഡും ഏഷ്യ ബുക്ക് ഒഫ് റെക്കോർഡും സ്വന്തമാക്കി.ഏഷ്യ ബുക്ക് ഒഫ് റെക്കോർഡിൽ ഗ്രാന്റ് മാസ്റ്റർ ടൈറ്റിലാണ് ആൽവിന് സ്വന്തമായത്.
അരമണിക്കൂറെടുത്താണ് 11 ഷീറ്റിലെയും താരങ്ങളുടെ ചിത്രം പൂർത്തിയാക്കിയത്. ക്രയോൺ ,അക്രിലിക് , ഓയിൽ പേസ്റ്റ് എന്നിവ ഉപയോഗിച്ചാണ് വരകളിലേറെയും.ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖരന്റെ കൈയ്യിൽ നിന്നാണ് ആൽവിൻ റെക്കോർഡ് ഏറ്റു വാങ്ങിയത്.കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിൽ ഒന്നാം ക്സാസുകാരനായ ആൽവിൻ ചിത്രം വരയോടൊപ്പം പാട്ട് പാടാനും നൃത്തം ചെയ്യാനുമെല്ലാം മുന്നിലാണ്.ചില ഷോട്ട് ഫിലിമുകളിലൂടെ അഭിനയത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.ചിത്രം വര പഠിച്ചിട്ടില്ലെങ്കിലും രണ്ടാം വയസ്സു മുതൽ വരച്ചു തുടങ്ങിയതാണ്.ഇതിനോടകം ഇരൂന്നുറോളം ചിത്രങ്ങൾ ആൽവിൻ വരച്ചു.തനിക്ക് ചുറ്റമുമുള്ള കാഴ്ച്ചകളാണ് ആൽവിൻ കാൻവാസിൽ പകർത്തുന്നത്.
കണ്ണൂർ സ്പേസ് ആർട് ഗ്യാലറിയിൽ നടത്തിയ ചിത്ര പ്രദർശനത്തിൽ ആൽവിന്റെ ചിത്രങ്ങളും ഇടം നേടി.വിവിധ സ്കൂളുകളിൽ നിന്നായി 15 കുട്ടികളുടെ ചിത്ര പ്രദർശനത്തിലാണ് ആൽവിന്റെ ചിത്രങ്ങളും ഇടംനേടിയത്. കണ്ണൂർ എസ്.എൻ അലുംനി അസോസിയേഷൻ ശിശു ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ കെ.ജി വിഭാഗം മുതൽ പത്താം തരം വരെയുള്ളവരുടെ ചിത്രത്തിൽ ആൽവിൻ സ്വർണ്ണ മെഡലും നേടി. കൊവിഡ് കാലത്ത് കൂടുതൽ ചിത്രങ്ങൾ വരക്കാൻ കഴിഞ്ഞുവെന്ന് ആൽവിൻ പറഞ്ഞു.ഏഴിമല നാവിക അക്കാഡമിയിൽ എെ.ടി വിഭാഗത്തിൽ ജോലി ചെയ്യുന്ന തോട്ടട കിഴുന്നയിലെ കെ.ലിജുവിന്റെയും ടി.പി.ശരണ്യയുടെയും മകനാണ് ഈ മിടുക്കൻ.