നീലേശ്വരം: വൈദ്യുതി സെക്ഷൻ ഓഫീസിനായി നഗരസഭയിലെ ചിറപ്പുറത്ത് കെട്ടിടം പണിയാൻ സ്ഥലം അനുവദിക്കാൻ കൗൺസിൽ യോഗ തീരുമാനം. നിലവിൽ നീലേശ്വരം തട്ടാച്ചേരി റോഡിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സെക്ഷൻ ഓഫീസ് ഒഴിഞ്ഞുകൊടുക്കണമെന്ന് കെട്ടിട ഉടമ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. കൂടാതെ ഇപ്പോൾ പ്രവർത്തിക്കുന്ന വൈദ്യുതി സെക്ഷൻ ഓഫീസിൽ ആവശ്യമായ സ്ഥലസൗകര്യമില്ലെന്നും നഗരസഭാ പരിധിയിൽ തന്നെ ഓഫീസ് പ്രവർത്തിക്കുന്നതിന് സ്വന്തമായി കെട്ടിടം പണിയാനാവശ്യമായ സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ നഗരസഭയ്ക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം ചിറപ്പുറത്ത് 10 സെന്റ് സ്ഥലം അനുവദിക്കാൻ തീരുമാനിച്ചത്.

നഗരസഭ വാർഡ് സഭകൾ ഓൺലൈനായി ചേരുന്ന വിഷയം കൗൺസിലിന് മുമ്പാകെ വന്നപ്പോൾ ഇതിന് അതാത് കൗൺസിലർമാർ മുൻകൂട്ടി തീയതി തീരുമാനിക്കണമെന്നും ഗ്രാമസഭകൾ വൈകുന്നേരങ്ങളിൽ കൂടിയാൽ പങ്കാളിത്തം കൂടുമെന്നും വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി നിർദ്ദേശം നൽകി.

സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ്‌ പൂർത്തീകരിക്കാത്ത വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ ഇതിനായുള്ള സൈറ്റ് കഴിഞ്ഞ 4 ദിവസമായി തുറക്കാനാവുന്നില്ലെന്ന് കൗൺസിലർ പി. ഭാർഗ്ഗവി പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളിലെത്തി കാത്തുനിന്ന് തിരിച്ചുപോകേണ്ട അവസ്ഥയാണ്.

നഗരസഭയിലെ പാലായി, പട്ടേന, കണിച്ചിറ, കൊട്രച്ചാൽ, ചാത്തമത്ത്, ആനച്ചാൽ. തോട്ടുമ്പുറം, പൊടോതുരുത്തി തോടുകളിൽ ഉപ്പു വെള്ളം കയറുന്നതു തടയാനുള്ള പദ്ധതിക്കായി 2019 ൽ തന്നെ എസ്റ്റിമേറ്റ് തയാറാക്കിയതായി ചെയർപേഴ്സൺ ടി.വി. ശാന്ത പറഞ്ഞു. കൗൺസിലർമാരായ എം. ഭരതൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. സുഭാഷ്, വി. ഗൗരി, കൗൺസിലർമാരായ ഇ. ഷജീർ, എം. ഭരതൻ, ഷംസുദ്ദീൻ അരിഞ്ചിറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.