
കതിരൂർ: കളരി മാത്രമല്ല, പൊന്ന്യത്തെ നേന്ത്രപ്പഴവും കടൽ കടക്കാൻ ചുവടുറപ്പിക്കുന്നു. മറ്റു നേന്ത്രപ്പഴങ്ങളേക്കാൾ ഗുണമേന്മയിലും രുചിയിലും മുന്നിട്ടു നിൽക്കുന്ന പൊന്ന്യം ബ്രാന്റിനെ ഭൗമസൂചികാ പദവിയിലെത്തിക്കാനുള്ള ശ്രമങ്ങൾ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ തുടങ്ങിക്കഴിഞ്ഞു.
ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി.വനജയുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് പ്രൊഫസറും പാട്യം സ്വദേശിയുമായ രമ്യ രാജന്റെ നേതൃത്വത്തിലാണ് ഇതിന്റെ ഗവേഷണവും മറ്റു പ്രവർത്തനങ്ങളും നടക്കുന്നത്.
കതിരൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന കാലത്തെ പ്രവർത്തന പരിചയമാണ് രമ്യയെ പൊന്ന്യം നേന്ത്രവാഴ കൃഷിയുമായി അടുപ്പിക്കുന്നത്. കതിരൂർ, പുല്യോട്, പൊന്ന്യം, ചുണ്ടങ്ങാപ്പൊയിൽ, കക്കറ, കുണ്ടുചിറ എന്നിവിടങ്ങളിലെയും മൊകേരി, പന്ന്യന്നൂർ പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലുമാണ് ഈ ഇനം കൃഷി ചെയ്യുന്നത്. ഇവിടെയുള്ള കർഷകർ തന്നെയാണ് ഇവയുടെ വ്യത്യസ്തത രമ്യയോട് പറയുന്നത്. ഇതേ തുടർന്ന് കൃഷിയിടങ്ങളിൽ നിരവധി തവണ സന്ദർശിച്ച് പൊന്ന്യം വാഴയുടെ വൈവിദ്ധ്യം അനുഭവിച്ചറിയുകയായിരുന്നു.ഈ മേഖലയിലുള്ള നൂറോളം വരുന്ന പരമ്പരാഗത കർഷകർ മാത്രമാണ് പൊന്ന്യം നേന്ത്രവാഴ കൃഷി ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് പൊന്ന്യം നേന്ത്രപ്പഴത്തിനു ഭൗമസൂചിക പദവി ലഭിക്കുകയെന്ന ആശയത്തിലേക്ക് ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മുന്നിട്ടിറങ്ങിയത്.
ഉയർന്ന മൂല്യവും ഗുണമേന്മയുമുള്ള കാർഷിക ഉൽപ്പന്നങ്ങളെ വൈവിദ്ധ്യങ്ങൾ അടിസ്ഥാനമാക്കി വിപണിയിൽ മൂല്യമുള്ളതായി കണക്കാക്കാനും ഭൗമസൂചിക നേടുന്നതോടെ കഴിയും. പദവി നേടിയാൽ ഒരു പക്ഷെ വാഴകൃഷിയിൽ സംസ്ഥാനത്ത് തന്നെ ആദ്യത്തേതായിരിക്കും പൊന്ന്യം നേന്ത്രപ്പഴം. മറ്റു വാഴകൾ പ്രതികൂല കാലാവസ്ഥയിൽ നശിച്ചപ്പോൾ പൊന്ന്യം വാഴയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞതും ഇതിന് പ്രതിരോധ ശേഷി കൂടുതലുള്ളതു കൊണ്ടാണ്. വിലക്കുറവിൽ നേന്ത്രവാഴ കർഷകർ നട്ടംതിരിഞ്ഞപ്പോൾ ഇവിടുത്തെ പഴത്തിന് 50 രൂപ മുതൽ 60 രൂപ വരെ കിലോവിന് കിട്ടിയിരുന്നു.രുചിയുള്ളതും മാർദ്ദവമേറിയതുമാണ് ഈ നേന്ത്രപ്പഴം.
പൊന്ന്യത്തെ അഗ്രോ സൊസൈറ്റിയുടെ സഹകരണത്തോടെ അഞ്ച് കർഷകരുടെ വാഴത്തോപ്പിലാണ് ഇതിന്റെ ഗവേഷണം നടക്കുന്നത്.
പൊന്ന്യം നേന്ത്രപ്പഴത്തിനു ഭൗമസൂചിക പദവി ലഭിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതേയുള്ളൂ. ഇതു പൂർത്തിയാകാൻ ആറുമാസമെങ്കിലുമെടുക്കും. ഗവേഷണം പൂർത്തിയാകുന്നതോടെ പൊന്ന്യം നേന്ത്രപ്പഴം ബ്രാൻഡ് ചെയ്യപ്പെടുന്നതിനൊപ്പം കർഷകർക്ക് കൂടുതൽ പുതിയ വിപണി തുറന്ന് കിട്ടാനും കഴിയും
രമ്യ രാജൻ,അസി. പ്രൊഫസർ, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം