കൂത്തുപറമ്പ്: അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുമ്പോഴും കൂത്തുപറമ്പിൽ കോടതി സമുച്ചയം നിർമ്മിക്കാനുള്ള നടപടികൾ ഫയലിൽ ഉറങ്ങുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട കെട്ടിടത്തിലാണ് ഇപ്പോഴും കോടതിയുടെ പ്രവർത്തനം. 1871ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് കൂത്തുപറമ്പിൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചത്. മലബാറിലെ തന്നെ ഏറ്റവും പഴക്കമുള്ള കോടതികളിലൊന്നായ മജിസ്ട്രേറ്റ് കോടതിയോടനുബന്ധിച്ച് പിന്നീട് മുൻസിഫ് കോടതിയും, സബ്ബ് ജയിലും, പൊലീസ് സ്റ്റേഷനും സ്ഥാപിക്കുകയുണ്ടായി. ഏറെക്കാലത്തിന് ശേഷം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയായി ഉയർത്തിയതാണ് ഇതിനിടയിൽ കോടതിക്കുണ്ടായ ഏകമാറ്റം.

151 വർഷം മുൻപ് കോടതി സ്ഥാപിക്കുന്ന ഘട്ടത്തിൽ അന്നുണ്ടായിരുന്ന എട്ടോളം അഭിഭാഷകർക്ക് ഇരിക്കാനുള്ള സൗകര്യം മാത്രമാണ് ഒരുക്കിയിരുന്നത്. എന്നാൽ കൂത്തുപറമ്പിൽ നൂറോളം അഭിഭാഷകർ ഉള്ള ഘട്ടത്തിലും പഴയ സൗകര്യം മാത്രമെ കോടതിയിലുള്ളൂ. ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനെ തുടർന്ന് കടുത്ത പ്രയാസം അനുഭവിക്കുകയാണ് അഭിഭാഷകരും കക്ഷികളും. ഈ സാഹചര്യത്തിൽ കൂത്തുപറമ്പിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

അനുമതിയാണ് പ്രശ്നം

കഴിഞ്ഞ തവണ ബഡ്ജറ്റിൽ 5 കോടിയോളം രൂപ പുതിയ കെട്ടിടത്തിന് വേണ്ടി വകയിരുത്തിയിരുന്നു. എന്നാൽ പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിൽ നിന്നുള്ള ഭരണാനുമതി വൈകിയതാണ് നിർമ്മാണം നീണ്ടുപോകാൻ ഇടയാക്കുന്നത്.

ഉയരുക മൂന്ന് നില കെട്ടിടം

10,000 സ്ക്വയർ ഫീറ്റിൽ മൂന്നുനില കെട്ടിടമാണ് നിർമ്മിക്കുക. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ നിലവിലുള്ള കോടതി കെട്ടിടം ചരിത്ര സ്മാരകമായി സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.