കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിൽ 46 പേർക്കു കൂടി സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് കൗൺസിൽ അംഗീകാരം നൽകി. ഇത് സംബന്ധിച്ച ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി നൽകിയ റിപ്പോർട്ട് ഇന്നലെ ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചു. അവിവാഹിതകളായ വനിതകൾക്കുള്ള പെൻഷന് രണ്ടു പേരെയും വിധവ പെൻഷൻ ആനുകൂല്യത്തിന് അഞ്ചു പേരെയുമാണ് തിരഞ്ഞെടുത്തത്. നിർധന വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായത്തിന് രണ്ടു പേരെയും വികലാംഗ പെൻഷൻ ആനുകൂല്യത്തിന് 20 പേരെയും തിരഞ്ഞെടുത്തു. വാർദ്ധക്യകാല പെൻഷൻ ആനുകൂല്യത്തിന് ആറുപേരുടെ അപേക്ഷ നിരസിക്കുകയും 17 പേർക്ക് പുതുതായി നൽകാൻ തീരുമാനിക്കുകയും ചെയ്തു. ചെയർപേഴ്‌സൺ കെ. വി. സുജാത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം. ബൽരാജ്, ടി.കെ സുമയ്യ, കെ. രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

'നിലാവി'നു മേൽ കരിനിഴൽ
തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വെളിച്ചമെത്തിക്കാൻ കെ.എസ്.ഇ.ബി ആവിഷ്‌കരിച്ച നിലാവ് പദ്ധതിയിൽ കരിനിഴൽ പരക്കുന്നു. നഗരസഭയിൽ പദ്ധതിയിൽ 1500 ബൾബുകൾ വിവിധ വാർഡുകളിലായി ഘടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൗൺസിലർമാർ രേഖാമൂലം അറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ ഈ ലിസ്റ്റ് സ്വീകരിച്ചിട്ടില്ലെന്നാണ് ചെയർപേഴ്‌സൺ കെ.വി സുജാത പറയുന്നത്. അതുകൊണ്ടു തന്നെ ബൾബുകൾ ഏതെങ്കിലുമൊന്ന് കത്താതായാൽ പകരം വയ്ക്കാൻ കഴിയില്ലത്രെ.