
കാസർകോട്: കാർഷിക സർവ്വകലാശാലയുടെ അധീനതയിലുള്ള ഭൂമി ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തീരുന്നില്ല. സർക്കാർ നിർദ്ദേശ പ്രകാരം കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഒരു മാസം മുമ്പ് വിളിച്ചു ചേർത്ത യോഗത്തിൽ ഉണ്ടായ ധാരണകൾ പൊളിഞ്ഞു. സർവ്വകലാശാല ഭരണസമിതി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറായ റവന്യു വകുപ്പ് മന്ത്രി കെ.രാജനും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദും തമ്മിൽ ഇക്കാര്യം ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നുവെങ്കിലും തീരുമാനം നീളുകയാണ്.
തീരുമാനമാകാത്തതിനെ തുടർന്ന് മതിലും കെട്ടിടവും പൊളിച്ചുമാറ്റി നിർമ്മാണം തുടങ്ങാൻ ദേശീയപാത അധികൃതർക്ക് സാധിക്കുന്നില്ല. അതിനിടെ വിഷയം നിയമപരമായി നേരിടാൻ കാർഷിക സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷം ജില്ലയിലെ ഒരു സീനിയർ അഭിഭാഷകന്റെ പാനലിനെ ഹൈക്കോടതിയിൽ കേസ് നടത്താൻ ചുമതലപ്പെടുത്തുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ സങ്കീർണമാവുകയാണ്. പടന്നക്കാട് കാർഷിക കോളേജ്, നീലേശ്വരം കരുവാച്ചേരി ഫാം, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം എന്നീ കാർഷിക സർവ്വകലാശാല സ്ഥാപനങ്ങളുടെ ആറ് ഏക്കറോളം ഭൂമിയും ചുറ്റുമതിലും കെട്ടിടവും സ്ഥാവര ജംഗമ വസ്തുക്കളുമാണ് ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റേണ്ടത്.
നഷ്ടപരിഹാരം കുറവ്
ആറേക്കറിലധികം ഏറ്റെടുക്കുമ്പോഴും തുച്ഛമായ നഷ്ടപരിഹാരം മാത്രമെ ലഭിക്കുകയുള്ളുവെന്നതാണ് സ്ഥലം വിട്ടുകൊടുക്കുന്നതിലെ പ്രധാന പ്രശ്നം. ബന്ധപ്പെട്ട അധികാരികൾ ചർച്ച ചെയ്തു തീരുമാനം എടുക്കുന്നതിനിടെ ദേശീയപാതയുടെ വികസനത്തിനായി മതിലും കെട്ടിടവും ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്പാണ് കാർഷിക സർവ്വകലാശാല അധികൃതർക്ക് നോട്ടീസ് നൽകിയത്. ഇത് തുടർന്നാണ് നിയമപരമായി നേരിടാനുള്ള നീക്കം സർവ്വകലാശാല തുടങ്ങിയത്. സർക്കാർ തീരുമാനം നീളുന്നത് അനുസരിച്ചു പ്രശ്നം കൂടുതൽ വഷളാകുമെന്നാണ് അധികൃതർ പറയുന്നത്. മതിയായ നഷ്ടപരിഹാരവും വിട്ടുകൊടുക്കുന്ന ഭൂമിയുടെ വിലയും അനുവദിച്ചു കിട്ടാതെ പൊളിച്ചുമാറ്റാൻ വിടില്ലെന്ന നിലപാടിലാണ് കാർഷിക സർവ്വകലാശാല. ദേശീയപാത സ്ഥലം ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർമാർ, ലെയ്സൺ ഓഫീസർ, രണ്ടു പഞ്ചായത്ത് അധികൃതർ എന്നിവരെ പങ്കെടുപ്പിച്ചു ഓൺലൈൻ ആയാണ് കളക്ടർ മുമ്പ് മീറ്റിംഗ് നടത്തിയത്. അന്നത്തെ ചർച്ചയിൽ നഷ്ടപരിഹാരം നൽകുമെന്ന് കളക്ടർ ഉറപ്പ് നൽകിയിരുന്നു. കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് ഒക്ടോബറിൽ മുഴുവൻ ഭൂമിയും കൈമാറേണ്ടതായിരുന്നു.
ഏറ്റെടുക്കേണ്ടുന്ന ഭൂമി - ആറ് ഏക്കർ
എൻ. എച്ച് അതോറിറ്റി കണക്കാക്കിയ നഷ്ടപരിഹാരം- 1.23 കോടി
ഭൂമിയുടെ വില - വട്ടപ്പൂജ്യം ( സർക്കാർ ഭുമിയെന്ന് കണ്ടെത്തൽ)
സർവ്വകലാശാല കണക്കാക്കിയ നഷ്ടപരിഹാരം - 3.276 കോടി
സർവ്വകലാശാല കണക്കാക്കിയ ഭൂമിയുടെ വില -30 കോടി