കാസർകോട്: എൻഡോസൾഫാൻ മാരകമല്ലെന്ന വിവാദ പ്രസ്താവനയുമായി വീണ്ടും ഒരുവിഭാഗം ഗവേഷകർ. എൻഡോസൾഫാൻ മൂലം ശാരീരികമാനസികപ്രശ്നങ്ങളോ മാരകരോഗങ്ങളോ ഉണ്ടാകുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെൽ പിരിച്ചുവിടണമെന്നുമാണ് ഇവരുടെ വാദം. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ പ്രൊഫസറും അമല കാൻസർ സെന്റർ റിസർച്ച് ഡയറക്ടറുമായ ഡോ. വി. രാമൻകുട്ടി, കാർഷികസർവകലാശാലയിൽ ഗവേഷകരായ ഡോ. കെ.എം ശ്രീകുമാർ, ഡോ. കെ.ഡി പ്രതാപൻ എന്നിവരാണ് എൻഡോസൾഫാൻ അനുകൂല പ്രസ്താവനയുമായി രംഗത്തിറങ്ങിയത്. കാസർകോട് ജില്ലയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചതുമൂലം നാട്ടുകാർക്ക് രോഗബാധയുണ്ടായെന്ന വാദം ശരിയല്ലെന്നാണ് ഇവർ പറയുന്നത്. 1954 മുതൽ 2014 വരെ വിവിധ രാജ്യങ്ങളിൽ പഴം, പച്ചക്കറി വിളകളിൽ എൻഡോസൾഫാൻ ഉപയോഗിച്ചിട്ടുണ്ടെന്നും അവിടങ്ങളിൽ പിന്നീട് നടത്തിയ പഠനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ അവകാശപ്പെട്ടു. രണ്ടാഴ്ചയ്ക്കകം വിഘടിച്ചുപോകുന്ന എൻഡോസൾഫാൻ എന്ന കീടനാശിനി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ജനകീയമുന്നേറ്റത്തോടുള്ള അസഹിഷ്ണുത: അമ്പലത്തറ കുഞ്ഞികൃഷ്ണൻ

ജില്ലയിൽ എയിംസിന് വേണ്ടിയുള്ള സമരപരിപാടികൾ ശക്തമായി മുന്നോട്ടുപോകുമ്പോൾ ഡോ. കെ.എം ശ്രൂകുമാറിനെ പോലുള്ളവർ എൻഡോസൾഫാന് അനുകൂലമായി നടത്തുന്ന പ്രസ്താവനകൾ സംശയമുളവാക്കുന്നതായി എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. കാസർകോട്ട് എയിംസ് വന്നാൽ എൻഡോസൾഫാൻ പ്രയോഗം നടന്ന പ്രദേശങ്ങളിലെ രോഗകാരണം കൃത്യമായി നിർണയിക്കാൻ സാധിക്കും. എയിംസിന് വേണ്ടിയുള്ള സമരത്തിൽ പ്രശസ്ത മനുഷ്യാവകാശപ്രവർത്തക ദയാബായി അടക്കമുള്ളവർ പങ്കെടുത്ത് ജനകീയമുന്നേറ്റമുണ്ടാകുന്നത് എൻഡോസൾഫാൻലോബികളെ വിളറിപിടിപ്പിക്കുകയാണ്.

എൻഡോസൾഫാൻ മാരകമല്ലെന്ന് പറയാൻ ശ്രീകുമാറിനെ പോലുള്ളവർക്ക് ഒരു അർഹതയുമില്ല. ശരീരശാസ്ത്രത്തെക്കുറിച്ച് അറിയാത്ത ഒരു കാർഷികശാസ്ത്രജ്ഞന് ഇക്കാര്യം ഉറപ്പിച്ചുപറയാൻ എങ്ങനെ സാധിക്കുമെന്ന് കുഞ്ഞികൃഷ്ണൻ ചോദിച്ചു. എൻഡോസൾഫാൻ മാരകമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കീടനാശിനി സുപ്രീംകോടതി രാജ്യത്ത് നിരോധിച്ചത്. ഇതൊക്കെ മറച്ചുവെച്ചുകൊണ്ട് എൻഡോസൾഫാനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.