
കണ്ണൂർ: ജില്ലയിൽ വ്യാപകമാകുന്ന എം.ഡി.എം.എ ഉൾപ്പടെയുള്ള മാരകമായ മയക്കുമരുന്നുകളുടെ വിൽപനയും ഉപയോഗവും നിയന്ത്റിക്കുന്നതിന് കർശന നടപടിയുമായി പൊലീസ്. നിയന്ത്റണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ ടർഫ് മൈതാനങ്ങൾക്ക് പൊലീസ് നിയന്ത്റണമേർപ്പെടുത്തി.
മയക്കുമരുന്ന് സംഘം പുതിയ വിപണ തന്ത്റവും പുതിയ ഉപഭോക്താക്കളെയും കണ്ടെത്തുന്ന സാഹചര്യത്തിലാണ് പൊലീസ് നിയന്ത്രണം കടുപ്പിക്കുന്നത്. നേരത്തെ റെയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നടന്ന മയക്കു വരുന്ന് കച്ചവടം ഇപ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വൻകിട ബിസിനസ്സ് സ്ഥാപനങ്ങളും മറ്റ് സംവിധാനങ്ങളും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇതിൽ രാപകൽ ഭേദമന്യേ പ്രവർത്തിക്കുന്ന ചില ടർഫ് മൈതാനങ്ങൾ കേന്ദ്രീകരിച്ചും മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെ അർദ്ധരാത്രി പോലും സജീവമാകുന്ന ടർഫ് മൈതാനങ്ങളിൽ രാത്രി 11 ന് ശേഷം പ്രവർത്തനം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കളിക്കാനെത്തുന്നവർക്ക് സമയം എഴുതിയ പാസ്സ് നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്തത് 128 കേസുകൾ
കണ്ണൂർ സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനു കീഴിൽ ജനുവരി 24 മുതൽ നാല് വരെ നടത്തിയ നർക്കോട്ടിക്ക് സ്‌പെഷ്യൽ ഡ്രൈവിൽ 128 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 14 കേസുകളും, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ 10 കേസുകൾ, കതിരൂർ, ധർമ്മടം പൊലീസ് സ്റ്റേഷൻ ഒൻപത് എന്നിവയാണ് ഏറ്റവും കൂടുതലുള്ള കേസുകൾ .കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിൽ നർക്കോട്ടിക് സെൽ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് മയക്കുമരുന്നു ശൃംഗലയിലെ സംഘങ്ങളെ പിടിയിലാക്കിയത്. കണ്ണൂർ സിറ്റി പരിധിയിൽ തുടർ ദിവസങ്ങളിലും കർശന പരിശോധനകളുമായി മുന്നോട്ടുപോകാനാണ് സിറ്റി പൊലീസ് പരിധിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ നിർദേശം നൽകിയിട്ടുണ്ട്.