tankaer
അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ

തലശേരി: തലശേരി രണ്ടാംഗേറ്റിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. ടാങ്കറിൽ നിന്നും വാതക ചോർച്ചയില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. എന്നാൽ,​ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടത്തിൽ തകർന്നു. ഇന്നലെ കാലത്ത് എട്ടേകാൽ മണിയോടെയാണ് അപകടം. മംഗളൂരുവിൽ നിന്നും പാചകവാതകവുമായി കൊല്ലത്തേക്കു പോകുകയായിരുന്നു ടാങ്കർ ലോറി.

ഗതാഗതം വഴി മാറ്റിയും വൈദ്യുതി വിച്ഛേദിച്ചും അപകടസ്ഥലത്ത് കനത്ത ജാഗ്രത പാലിച്ചു. രണ്ടാംഗേറ്റ് ബസ് സ്റ്റോപ്പിന് സമീപം കൊടുംവളവിൽ ടാങ്കർ നിയന്ത്രണംവിട്ട് വശം ചെരിഞ്ഞ് മറിയുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്കാണ് ടാങ്കർ വീണത്. അപകടം സംഭവിക്കുന്നതിന് മിനുട്ടുകൾ മുൻപ് വരെ ഇവിടെ നാലഞ്ചുപേർ ബസ് കാത്ത് നിന്നിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ അഗ്‌നിശമന സേന കരുതൽ നടപടികളുടെ ഭാഗമായി മറിഞ്ഞ ടാങ്കറിന് മുകളിലും ചുറ്റിലും ഇടക്കിടെ വെള്ളം ചീറ്റി തണുപ്പിച്ചു. മുൻകരുതലായി ഇതുവഴിയുള്ള വാഹന ഗതാഗതം പൊലീസ് തടഞ്ഞു. തമിഴ്‌നാട് തെങ്കാശി സ്വദേശി പെരിയ സാമി (23) ആണ് ടാങ്കർ ഓടിച്ചത്. റോഡ് പരിചയമില്ലാത്തതാണ് അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക വിവരം. നാമക്കൽ സ്വദേശിയുടേതാണ് ടാങ്കർ.

മംഗളൂരുവിൽ നിന്നും ഐ.ഒ.സി. ഉദ്യോഗസ്ഥർ എത്തി ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മറിഞ്ഞ ടാങ്കർ മറ്റൊരു ലോറിയിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അപകടത്തിൽപ്പെട്ട ഡ്രൈവർ കാബിൻ തലശേരി പൊലീസ് സ്റ്റേഷനിലുമെത്തിച്ചു.
തലശേരി സ്റ്റേഷനിലെ എസ്.ഐമാരായ ആർ. മനു, സരിഷ്, ഖലീൽ എം.പി,​ സി.പി.ഒ രജീഷ് എന്നിവരും ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ വാസത്ത് തെയ്യച്ചാൻ കണ്ടി, സഹപ്രവർത്തകരായ എം. രാജീവൻ,​ വി.കെ സന്ദീപ്, ഉല്ലാസൻ എന്നിരുടെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റ് ഫയർ യൂണിറ്റും സുരക്ഷാപ്രവർത്തനങ്ങൾ നടത്തി. അഡ്വ. എ.എൻ ഷംസീർ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജമുനാ റാണി,​ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ. രേഷ്മ, അബ്ദുൾ ഖിലാബ്, ഇ. വിജയകൃഷ്ണൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.